സമസ്തയും ലീഗുമായി പ്രശ്നമില്ല: എം കെ മുനീർ

single-img
10 October 2023

സമസ്തയും ലീഗുമായി പ്രശ്നമില്ലെന്നും സാദിഖലി തങ്ങൾ പറഞതാണ് പാർട്ടി നിലപാടെന്നും മുസ്ലിംലീ​ഗ് നേതാവ് എം.കെ.മുനീർ എംഎൽഎ. സമസ്ത – ലീഗ് ബന്ധത്തിൽ ഒരിക്കലും വിള്ളൽ ഉണ്ടാകില്ലെന്നും മുനീർ കോഴിക്കോട് പറ‍ഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ലീ​ഗും സമസ്തയും തമ്മിലുണ്ടായ അസ്വാരസ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മുനീർ.

മുസ്ലിം ലീഗിന്റെ അന്തിമ വാക്ക് എന്നത് സാദിഖലി തങ്ങളുടേതാണ്. തനിക്ക് എന്തെങ്കിലും അഭിപ്രായം പറയണമെങ്കിലും സാദിഖലി തങ്ങളുടെ ആശിർവാദം വേണമെന്നും മുനീർ പറഞ്ഞു. സമസ്തയും ലീഗും തമ്മിലുള്ളത് വളരെക്കാലത്തെ ബന്ധമാണ്. ഇരു കൂട്ടർക്കുമിടയിൽ വിള്ളലുണ്ടാക്കാൻ കഴിയില്ല.

ലീഗ് സെക്രട്ടറി പി.എം.എ സലാം നടത്തുന്ന പ്രസ്താവനകൾ അദ്ദേഹം ആ സ്ഥാനത്ത് തുടരുന്ന കാലത്തോളം മാനിക്കും. ജിഫ്രി തങ്ങൾ സമുന്നതനായ വ്യക്തിയാണ്. മുസ്ലീം ലീഗ് നിലപാട് സാദിഖലി തങ്ങൾ പറഞ്ഞു കഴിഞ്ഞു. സലാം പറയുന്നതെല്ലാം നിഷ്പ്രഭം എന്ന് പറയുന്നില്ല, പക്ഷേ അന്തിമ നിലപാട് സാദിഖലി തങ്ങളുടേതാണെന്നും മുനീർ പറഞ്ഞു.

പിണറായിയും മോദിയും അവരുടെ ഏജൻസികളെ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നു. കെ.എം ഷാജിക്കെതിരെ എടുത്ത വിജിലൻസ് കേസ് ഇതിന് ഉദാഹരണമാണ്. ഇന്നത്തെ കോടതി വിധി വന്നതോടെ എല്ലാം ആരോപണമെന്ന് തെളിഞ്ഞിരിക്കുകയാണ്. എതിരാളികളെ തകർക്കാൻ സർക്കാർ വിജിലൻസിനെ ഉപയോഗിച്ചതിന് വ്യക്തമായ തെളിവാണ് ഷാജിക്കെതിരെ എടുത്ത കേസ്. മോദിയുടെ മോഡലാണ് പിണറായിയെന്നും മുനീർ വിമർശനം ഉയർത്തി..