സിപിഎമ്മും ശിവശങ്കറും തമ്മില്‍ ബന്ധില്ല; എം വി ഗോവിന്ദന്‍

single-img
17 February 2023

സിപിഎമ്മും ശിവശങ്കറും തമ്മില്‍ ബന്ധില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

ലൈഫ് മിഷന്‍ കേസിലെ ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശിവശങ്കറും സിപിഎമ്മും തമ്മില്‍ ബന്ധമില്ല. അത്തരമൊരു ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അത് രാഷ്ട്രീയമാണ്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലല്ലോയെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ അറസ്റ്റ് ചൂണ്ടിക്കാട്ടി എംവി ഗോവിന്ദന്‍ പറഞ്ഞു.

ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തണുപ്പന്‍ പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയത്. സ്ത്രീത്വത്തിനെ അപമാനിച്ച ആകാശിനെ പൊലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല. കുറച്ച്‌ കഴിഞ്ഞാല്‍ അയാള്‍ സ്വയം നിയന്ത്രിച്ചോളും. പ്രദേശത്തെ ക്രിമിനല്‍ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരെ കുറിച്ച്‌ സംസാരിക്കാന്‍ താനില്ല. പാര്‍ട്ടി ആഹ്വാനം ചെയ്യേണ്ടത് പാര്‍ട്ടി ചെയ്യും. അത് ആകാശല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ശുഹൈബ് വധക്കേസ് വിഷയത്തില്‍ പലരും പറയുന്നതിനോട് പ്രതികരിക്കാനില്ല. ശുഹൈബ് വധക്കേസ് യുഡിഎഫ് എല്ലാ കാലത്തും ആയുധമാക്കാറുണ്ട്. ആകാശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ല. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതല്‍ മനസിലാവുന്ന കാലമാണിത്. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാന വാക്ക് എന്നതിനോടും പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.