ഔദ്യോഗിക ബഹുമതികളോടെ രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി


വ്യവസായ പ്രമുഖനായ രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി. അദ്ദേഹത്തിന്റെ ശരീരം പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെ മുബൈയിലെ വര്‍ളി ശ്മശാനത്തിൽ ഇന്ന് വൈകുന്നേരം സംസ്കരിച്ചു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേന്ദ്രമന്ത്രിമാരടക്കം രാഷ്ട്രീയ പ്രമുഖർക്കുമാണ് സംസ്കാര ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നത്.
രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് രത്തൻ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ കൊളാബോയിലെ വീട്ടിലെത്തിയും മുംബൈയിലെ എൻസിപിഎ ഓഡിറ്റോറിയത്തിലെത്തിയും രാഷ്ട്രീയ-കായിക-വ്യവസായ ലോകത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. എൻസിപിഎ ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിന് ശേഷമാണ് വർളി ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചത്.
ദേശീയ പതാകയിൽ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ഔദ്യോഗിക ബഹുമതികൾ നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ , ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് , പിയൂഷ് ഗോയൽ എന്നിവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ടാറ്റയെന്ന വ്യവസായ സാമ്രാജ്യത്തെ ലോക നെറുകയിലേക്ക് കൈപിടിച്ചു കയറ്റിയ ദീര്‍ഘദര്‍ശിയായിരുന്നു രത്തൻ ടാറ്റ. സാധാരണക്കാരന് യാത്ര ചെയ്യാന്‍ കഴിയുന്ന നാനോ കാര്‍ നിരത്തിലിറക്കിയും കാരുണ്യ ഹസ്തം നീട്ടിയും അതി സമ്പന്നരില്‍ രത്തൻ ടാറ്റ വേറിട്ടു നടന്നു. സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യയുടെ വ്യവസായിക ചരിത്രത്തിനൊപ്പം എഴുതി ചേര്‍ത്ത പേരു കൂടിയാണ് രത്തന്‍ ടാറ്റയുടേത്.