യുഎസിലെ ആദ്യത്തെ ഹിജാബ് ധരിച്ച വനിതാ ജഡ്ജിയായി നാദിയ കഹ്ഫ്

single-img
24 March 2023

വാഷിങ്ടണ്‍: യുഎസിലെ ആദ്യത്തെ ഹിജാബ് ധരിച്ച വനിതാ

ജഡ്ജിയായി അധികാരമേറ്റ് നാദിയ കഹ്ഫ്. വെയ്‌നില്‍ നിന്നുള്ള കുടുംബ നിയമ- ഇമിഗ്രേഷന്‍ അറ്റോര്‍ണിയുമായ നാദിയ കഹ്ഫ്, യുഎസിലെ പാസായിക് കൗണ്ടിയില്‍ സ്റ്റേറ്റ് സുപ്പീരിയര്‍ കോടതിയിലാണ് ജഡ്ജിയായി നിയമിതയായത്.

നിയമനത്തിന് പിന്നാലെ ന്യൂ ജെഴ്സിയില്‍ നാദിയ, മുത്തശ്ശിയില്‍ നിന്ന് പാരമ്ബര്യമായി ലഭിച്ച പുരാതനമായ ഖുര്‍ആനില്‍ കൈവച്ച്‌ സത്യപ്രതിജ്ഞ ചെയ്തു. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം, മാര്‍ച്ച്‌ 21 ചൊവ്വാഴ്ചയായിരുന്നു സത്യപ്രതിജ്ഞ.
യുണൈറ്റഡ് സ്റ്റേറ്റ്സ്, ന്യൂജേഴ്‌സിയിലെ മുസ്ലീം, അറബ് സമുദായങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുകയാണ്. യുവതലമുറ ഭയപ്പെടാതെ അവരുടെ മതം ആചരിക്കാന്‍ കഴിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. വൈവിധ്യമാണ് നമ്മുടെ ശക്തി, അത് നമ്മുടെ ബലഹീനതയല്ലെന്നും സത്യപ്രതിജ്ഞാ ചടങ്ങിനിടെ നാദിയ പറഞ്ഞു. ഒരു വര്‍ഷം മുമ്ബ് വന്ന കഹ്ഫിന്റെ നോമിനേഷന്‍ സെനറ്റര്‍ ക്രിസ്റ്റന്‍ കൊറാഡോ വൈകിപ്പിക്കുകയായിരുന്നു. ഒടുവില്‍ ഈ മാസം ആദ്യമാണ് അവര്‍ക്ക് നിയമനം നടന്നത്.

രണ്ട് വയസുള്ളപ്പോഴാണ് സിറിയന്‍ കുടിയേറ്റക്കാരിയായി നാദിയ അമേരിക്കയിലെത്തുന്നത്. ദീര്‍ഘകാലം രാജ്യത്തെ ഇസ്ലാമിക ഫൗണ്ടേഷനില്‍ ജോലി ചെയ്തു. 2003 മുതല്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സിന്റെ ന്യൂജേഴ്‌സി ചാപ്റ്ററിന്റെ ഡയറക്‌ടര്‍ ബോര്‍ഡ് അംഗമായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഇസ്‌ലാമിക് സെന്റര്‍ ഓഫ് പാസായിക് കൗണ്ടിയുടെ പ്രസിഡന്റായി കഹ്ഫ് പ്രവര്‍ത്തിക്കുന്നുണ്ട്. ക്ലിഫ്‌ടണ്‍ ആസ്ഥാനമായ ലാഭേച്ഛയില്ലാത്ത സാമൂഹിക സേവന ഏജന്‍സിയായ വഫ ഹൗസിന്റെ നിയമോപദേശക കൂടിയാണ് അവരിപ്പോള്‍.