പെണ്‍കുട്ടി നല്‍കിയ ശീതളപാനീയം കുടിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചതില്‍ ദുരൂഹത; അന്വേഷണം വേണമെന്ന് കുടുംബം

single-img
28 October 2022

തിരുവനന്തപുരം: സുഹൃത്തായ പെണ്‍കുട്ടി നല്‍കിയ ശീതളപാനീയം കുടിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം.

പാറശാല സ്വദേശി ഷാരോണ്‍ രാജാണ് ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം കളിയാക്കാവിളയില്‍ ശീതളപാനീയം കുടിച്ച്‌ വിദ്യാര്‍ഥി മരിച്ചിരുന്നു. രണ്ടുസംഭവങ്ങളിലും സമാനത പൊലീസ് അന്വേഷിക്കുന്നുണ്ട്.

മരിച്ച ഷാരോണ്‍ രാജ് നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ അവസാന വര്‍ഷ ബിഎസ്സി റോഡിയോളജി വിദ്യാര്‍ത്ഥിയാണ്. 14 -ാം തിയതി രാവിലെ ഷാരോണ്‍ രാജും സുഹൃത്ത് റെജിനും ഷാരോണിന്റെ സുഹൃത്തും രാമവര്‍മ്മന്‍ ചിറയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. സുഹൃത്ത് റെജിനെ പുറത്ത് നിറുത്തി ഷാരോണ്‍ തനിച്ചാണ് വീട്ടിലേക്ക് പോയത്. കുറച്ച്‌ കഴിഞ്ഞ് വീടിന് പുറത്ത് വന്ന ഷാരോണ്‍ പെണ്‍കുട്ടി നല്‍കിയ പാനീയം കഴിച്ച ഉടന്‍ ഛര്‍ദ്ദില്‍ അനുഭവപ്പെട്ടതായി റെജിനോട് പറഞ്ഞു. പിന്നീട്, അവശനായതിനാല്‍ തന്നെ വീട്ടില്‍ എത്തിക്കാനും റെജിനോട് ആവശ്യപ്പെട്ടു.

അവശനായ ഷാരോണ്‍ രാജിനെ വാഹനത്തില്‍ കയറ്റി റെജിന്‍ മുര്യങ്കരയിലെ വീട്ടില്‍ എത്തിച്ചു. ഉച്ചയ്ക്ക് ശേഷം ഷാരോണിന്റെ അമ്മ വീട്ടില്‍ എത്തിയപ്പോള്‍ ഷാരോണ്‍ രാജ്, ഛര്‍ദിച്ച്‌ അവശനിലയില്‍ ആയിരുന്നു. തുടര്‍ന്ന് ഷാരോണിനെ ഉടനെ പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്താത്തതിനാല്‍ രാത്രിയോടെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

എന്നാല്‍, തൊട്ടടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങള്‍ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി. ഇഎന്‍ടിയെ കാണിച്ചെങ്കിലും കുറിച്ച്‌ നല്‍കിയ മരുന്ന് പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ഷാരോണിന്റെ നില ഗുരുതരമായി. 17 -ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ വൃക്കകളുടെ പ്രവര്‍ത്തനം കുറയുന്നതായി പരിശോധനയില്‍ കണ്ടെത്തി. അടുത്ത ദിവസങ്ങളില്‍ പല ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മോശമായി തുടങ്ങി. ഒന്‍പത് ദിവസത്തിനുള്ളില്‍ മൂന്ന് തവണ ഷാരോണിനെ ഡയാലിസിസിന് വിധേയമാക്കി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.

ഇതിനിടെ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് മജിസ്‌ട്രേട്ട് ആശുപത്രിയില്‍ എത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഒരു വര്‍ഷമായി പരിചയമുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആന്തരീകാവയവങ്ങള്‍ ദ്രവിച്ച്‌ പോയതായും വെന്റിലേറ്ററിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.

പെണ്‍കുട്ടി വിളിച്ചതിനെ തുടര്‍ന്നാണ് ഷാരോണ്‍രാജ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. സുഹൃത്തായ പെണ്‍കുട്ടി വിളിച്ചതനുസരിച്ച്‌ റെക്കോര്‍ഡ് വാങ്ങാനാണ് ഷാരോണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയതെന്ന് വീട്ടുകാര്‍ പറയുന്നു. ഷാരോണ്‍ നീല നിറത്തിലുള്ള എന്തോ ദ്രാവകമാണ് ഛര്‍ദ്ദിച്ചിരുന്നതെന്നാണ് ജ്യേഷ്ഠന്‍ ഷിംനോയും പറയുന്നു. ഷാരോണും യുവതിയും പ്രണയത്തിലായിരുന്നെന്നും ഇയാള്‍ പറഞ്ഞു. ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാറശാല പൊലീസിന് പരാതി നല്‍കി.

ദിവസങ്ങള്‍ക്ക് മുന്‍പ് കളയിക്കാവിള മെതുകമ്മല്‍ സ്വദേശിയായ അശ്വിന്‍ (11), യൂണിഫോം ധരിച്ചെത്തിയ വിദ്യാര്‍ത്ഥി നല്‍കിയ ജൂസ് കുടിച്ച്‌ ഏറെ നാള്‍ അവശനിലയിലായ ശേഷം മരണത്തിന് കീഴടങ്ങിയിരുന്നു. അശ്വിന്റെ മരണവും ഷാരോണ്‍ രാജിന്റെ മരണത്തിലും സമാനതകള്‍ ഏറെയാണെന്ന് കരുതുന്നു. അശ്വിനും ജൂസ് കഴിച്ച്‌ അവശനിലയിലായി ഏറെ നാള്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. ജ്യൂസ് കഴിച്ച ആദ്യ ദിവസം ചെറിയ ക്ഷീണവും പിന്നീട് ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചുമാണ് അശ്വിനും മരണത്തിന് കീഴടങ്ങിയത്. ആസിഡിന് സമാനമായ ദ്രാവകം കഴിച്ചതാണ് അശ്വിന്റെ മരണകാരണമെന്നാണ് അശ്വിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ നിഗമനം