മുസ്ലിം ലീഗിന് തമിഴ്നാട് മന്ത്രിസഭയിലേക്ക് ക്ഷണം; മുഖ്യമന്ത്രി വിജയ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിട്ട് വിളിച്ചിച്ചു

single-img
22 May 2026

മുസ്ലിം ലീഗിനെ തമിഴ്നാട് മന്ത്രിസഭയിലേക്ക് ക്ഷണിക്കാൻ ടിവികെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിട്ട് വിളിച്ചിരുന്നുവെന്ന് മുസ്ലിം ലീഗ് കേരള ഹൈപവർ കമ്മിറ്റി അംഗം കെ.പി.എ. മജീദ്. അണ്ണാദുരൈയുടെ കാലം മുതലേ ലീഗ് ഡി.എം.കെക്കൊപ്പമാണെന്നും, എം.കെ. സ്റ്റാലിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് തമിഴ് വെട്രി കഴകത്തെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഐ.യു.എം.എൽ പ്രതിനിധിയായ എ.എം. ഷാജഹാൻ വെള്ളിയാഴ്ച ചെന്നൈയിലെ ലോക് ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പാപനാശം മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ മുതിർന്ന നേതാവാണ് ഷാജഹാൻ. 1970-ൽ അജോയ് മുഖർജിയുടെ നേതൃത്വത്തിലുള്ള ബംഗ്ലാ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ലീഗിന്റെ എ.കെ.എം. ഹസനുസമാൻ മന്ത്രിസഭയിലെ അംഗമായിരുന്നു. അതിന് ശേഷം കേരളത്തിന് പുറത്തുള്ള ഒരു സംസ്ഥാന മന്ത്രിസഭയിൽ മുസ്ലിം ലീഗിന് വീണ്ടും പ്രാതിനിധ്യം ലഭിക്കുന്നത് ഇപ്പോഴാണ്. ഡി.എം.കെ മുന്നണിയുടെ ഭാഗമായിരുന്ന കാലത്തുപോലും തമിഴ്നാട്ടിൽ ലീഗിന് മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ല. അതിനാൽ സംസ്ഥാന ഭരണത്തിന്റെ ഭാഗമാകുന്ന ആദ്യ അവസരമായാണ് ഇതിനെ പാർട്ടി കാണുന്നത്.

തമിഴ്നാട്ടിലെ ഏകദേശം ഇരുപതോളം മണ്ഡലങ്ങളിൽ ലീഗിന് സ്വാധീനമുണ്ടെന്നും, എന്നാൽ മുന്നണി രാഷ്ട്രീയത്തിലൂടെയാണ് വിജയസാധ്യത ഉറപ്പാക്കാനാകുന്നതെന്നും കെ.പി.എ. മജീദ് പറഞ്ഞു. അണ്ണാദുരൈയുടെ കാലം മുതൽ ഡി.എം.കെയുമായി ലീഗ് സഹകരിച്ച് വരുന്നതും അതിന്റെ ഭാഗമായാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ഒരു പാർട്ടിക്കും ലഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം ഒഴിവാക്കാനാണ് ടിവികെയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ടി.വി.കെക്ക് പിന്തുണ നൽകുന്നതിന് മുൻപ് ഡി.എം.കെ നേതൃത്വവുമായി ചർച്ചകൾ നടത്തിയിരുന്നുവെന്നും മജീദ് വ്യക്തമാക്കി. തമിഴ്നാട് ലീഗ് നേതാക്കൾ സ്റ്റാലിനുമായി വിഷയത്തിൽ ആശയവിനിമയം നടത്തിയിരുന്നുവെങ്കിലും മന്ത്രിസഭ പ്രവേശനം അന്ന് ചർച്ചയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മന്ത്രിസഭയിലേക്ക് ക്ഷണിച്ച് വിജയ് നേരിട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ബന്ധപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട്ടിൽ ലീഗിന്റെ സംഘടനാ വളർച്ചയ്ക്ക് മന്ത്രിസഭാ പ്രാതിനിധ്യം സഹായകരമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.