എസ്.സി-എസ്.ടി വിഭാഗങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് പോസ്റ്റർ; കെ സുരേന്ദ്രന്റെ കേരള പദയാത്രക്കെതിരെ മുരളീധരൻ

single-img
21 February 2024

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കോൺഗ്രസിന്റെ കെ മുരളീധരന്‍ എംപി. ജാതിയുടെയും മതത്തിന്റെയും പേരില്‍ പബ്ലിസിറ്റി നടത്തുന്നത് ശരിയല്ല. എസ്.സി-എസ്.ടി വിഭാഗങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് പോസ്റ്ററെന്നും കെ മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

യാത്രയ്ക്കിടയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എസ്.സി-എസ്.ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന പോസ്റ്ററാണ് വന്‍ വിവാദത്തിന് വഴിവെച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ എത്തിയ പദയാത്രയുടെ വിശദീകരണ പോസ്റ്ററിലാണ് മലബാര്‍ പാലസ് എന്ന നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലില്‍ എസ്.സി-എസ്.ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുമെന്ന് അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഉൾപ്പെടെ ഇതിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.