മുഖ്യമന്ത്രിയുടെ സന്ദേശം അറിയിച്ചു; സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി

single-img
1 March 2024

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സര്‍ക്കാര്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോടൊപ്പം ആണെന്ന മുഖ്യമന്ത്രിയുടെ സന്ദേശം പിതാവിനെ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു.

സംഭവത്തിന് പിന്നില്‍ ഉള്ളവര്‍ ആരാണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കും. യാതൊരുവിധ രാഷ്ട്രീയ താല്‍പര്യവും ഇക്കാര്യത്തില്‍ പരിഗണിക്കില്ലെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു. അതേസമയം, സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. വെറ്ററിനറി കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഇതോടുകൂടി കേസില്‍ അറസ്റ്റിലായവരുടെ എണം പത്തായി. ഇനി എട്ടു പേരെയാണ് പിടികൂടാനുള്ളത്. ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.