നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് തിരിച്ചടി 

single-img
2 September 2022

കൊച്ചി: നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ക്ക് തിരിച്ചടി. വിചാരണ കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി നിരാകരിച്ചു.

കേസില്‍ സാങ്കേതിക വാദങ്ങള്‍ ഉന്നയിക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതികള്‍ ഈ മാസം 14 ന് നേരിട്ട് ഹാജരാകാനാണ് വിചാരണ കോടതി ഉത്തരവിട്ടിട്ടുള്ളത്. വിചാരണ നടപടികളില്‍ സ്റ്റേ ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സ്റ്റേ വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ, പ്രതികള്‍ കോടതിയില്‍ ഹാജരാകേണ്ടി വരും. മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എംഎല്‍എമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

2015 മാര്‍ച്ച്‌ 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി എല്‍ഡിഎഫ് എംഎല്‍എമാര്‍ 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്. 2015ലെ ബജറ്റ് അവതരണ വേളയില്‍ സ്പീക്കറുടെ വേദിയും മൈക്കും കമ്ബ്യൂട്ടറുമെല്ലാം തകര്‍ത്ത പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ ദേശീയതലത്തില്‍പ്പോലും വന്‍ ചര്‍ച്ചയായിരുന്നു