കാതല്‍ ദ കോർ; മമ്മൂട്ടിയുടെ കഥാപാത്രം മാത്യു ദേവസി മലയാള സിനിമയോട് പറയുന്നത്

single-img
25 November 2023

കാതൽ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം മാത്യു ദേവസി നടന്നുകയറുന്നത് മലയാള സിനിമയുടെ ചരിത്രത്തിലേക്കാണ്. മലയാളികൾ എക്കാലവും
അഭിമാനപൂർവം എടുത്തണിയുന്ന സദാചാര ബോധം മൂടിവയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കിറങ്ങുന്ന കാതല്‍ സ്ഥിരം പ്രേക്ഷകനെ ഞെട്ടിക്കും. ഈ കഥാപാത്രത്തെ ധൈര്യപൂർവം ഏറ്റെടുക്കാന്‍ തയ്യാറായ മമ്മൂട്ടിയാണ് ആദ്യം ഞെട്ടിച്ചത്. ദീർഘമായ കരിയറിൽ മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മമ്മൂട്ടിയുടെ തിളങ്ങി നില്‍ക്കുന്ന വേഷങ്ങളില്‍ പ്രധാനപ്പെട്ട സ്ഥാനവും മാത്യു ദേവസിക്കുണ്ടാകും എന്നത് ഉറപ്പാണ് .

സാധാരണ പൊതു സമൂഹം അംഗീകരിക്കപ്പെടാത്ത യാഥാര്‍ത്ഥ്യമാണ് അയാള്‍. അത്തരത്തിലുള്ള ഒരാളെ അതിഭാവുകത്വങ്ങളൊന്നുമില്ലാതെ സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് എത്തിക്കാന്‍ മമ്മൂട്ടിയെന്ന നടനു കഴിഞ്ഞു. പ്രേക്ഷകർ കാണാനിരിക്കുന്നത് കണ്ടതിനേക്കാള്‍ മികച്ചതാണെന്ന് മലയാളത്തിന്റെ പ്രിയ നടന്‍ മാത്യൂ ദേവസിയിലൂടെ വ്യക്തമാക്കിയിരിക്കുന്നു. മാത്യുവിന്റെ ഭാര്യയായി ഓമനയായി തമിഴ് താരം ജ്യോതിക സിനിമയിലുടനീളം മമ്മൂട്ടിക്കൊപ്പം നിറഞ്ഞു നിന്നു.

വളരെയധികം വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അഭിനയ മികവിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ജ്യോതികയ്ക്ക് കഴിഞ്ഞു. കഥ തന്നെയാണ് സിനിമയുടെ കാതല്‍. കാലങ്ങൾക്ക് മുൻപ് ദേശാടനകിളി കരയാറില്ല എന്ന സിനിമയിലൂടെ പത്മരാജനും സമീപകാലത്തായി മുംബൈ പൊലീസിലൂടെ റോഷന്‍ ആന്‍ഡ്രൂസും വിഷയം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മറ്റൊരു തലത്തില്‍ സമാനവിഷയം ചര്‍ച്ചയ്‌ക്കെടുക്കുകയാണ് ജിയോ ബേബി.

ചിലർക്കൊക്കെ കപട സദാചാരത്തെ പൊളിക്കാന്‍ ധൈര്യം കാണിക്കുമ്പോഴും ചിലതൊക്കെ ചിലപ്പോള്‍ തുറന്നു പറയാന്‍ മടി കാണിക്കുന്നതായി തോന്നാം. എല്ലാത്തരം പ്രേക്ഷകർക്കും പൂര്‍ണമായും ബോദ്ധ്യമാകുന്ന ഈ കാര്യങ്ങൾ ആ സമയങ്ങളില്‍ തുറന്നു പറയാതിരുന്നത് സിനിമയുടെ ആസ്വാദനം കുറയ്ക്കാതിരിക്കാന്‍ വേണ്ടിയാണെന്ന് കരുതാം. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം മികച്ച അഭിനേതാക്കളുടെ കൈകളില്‍ സുരക്ഷിതമായിരുന്നു.