രാഷ്ട്രീയം ഇത്രമാത്രം വൃത്തികെട്ട രീതിയിലേക്ക് മാറുമെന്ന് അറിയാമായിരുന്നെങ്കിൽ താൻ നേരത്തേ തന്നെ രാഷ്ട്രീയം ഉപേക്ഷിക്കുമായിരുന്നു;മമത ബാനർജി

single-img
1 September 2022

‘എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും എതിരെ നിരവധി വ്യാജ ആരോപണങ്ങളാണ് നേരിടേണ്ടി വന്നത്. ഇന്നത്തെ രാഷ്ട്രീയം ഇത്ര വൃത്തികെട്ടതായിരിക്കുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു’, മമത മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കുടുംബാംഗങ്ങളിൽ ആരെങ്കിലും സർക്കാർ ഭൂമി അനധികൃതമായി കൈയേറിയെന്ന് ആരെങ്കിലും കണ്ടെത്തിയാൽ ആ വ്യക്തിക്ക് ബുൾഡോസർ ഉപയോഗിച്ച് ആ വസ്തു പൊളിക്കാനുള്ള എല്ലാ അധികാരവും ഉണ്ടെന്നും മമമത പറഞ്ഞു. കുടുംബാംഗങ്ങളുടെ സ്വത്തുക്കളെ കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൽക്കത്ത ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മമത.

പൊളിക്കാൻ തൻറെ യാതൊരു അനുവാദവും ആവശ്യമില്ല. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം നടത്താൻ ഞാൻ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ കുടുംബത്തിലെ ഏതെങ്കിലും അംഗത്തിനെതിരെ അനധികൃതമായി ഭൂമി കൈവശം വെച്ചതായി ആരോപണം ഉണ്ടെങ്കിൽ ബന്ധപ്പെട്ട കുടുംബാംഗത്തിന് മാത്രമായിരിക്കും അതിന്റെ ഉത്തരവാദിത്തമെന്നും മമത പറഞ്ഞു. ഞാൻ മറ്റ് കുടുംബാംഗങ്ങൾക്കൊപ്പമല്ല താമസിക്കുന്നത്. എല്ലാവരും തനിച്ചാണ് താമസിക്കുന്നത്. പ്രത്യേക ചടങ്ങുകൾക്ക് മാത്രമായാണ് തന്റെ കുടുംബാംഗങ്ങൾ ഒത്തുചേരാറുള്ളതെന്നും മമത പറഞ്ഞു.

പശ്ചിമബംഗാളില്‍ കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ സപ്റ്റംബർ രണ്ടിന് ഹാജരാകാൻ ആവശ്യപ്പെട്ട് അഭിഷേക് ബാനർജിക്ക് നോട്ടീസ് ലഭിച്ചതുമായി ബന്ധപ്പെട്ടും മമത പ്രതികരിച്ചു. തന്റെ കുടുംബാംഗങ്ങൾക്കെതിരെ ഏതെങ്കിലും കേന്ദ്ര ഏജൻസിയുടെ നോട്ടീസ് ലഭിച്ചാൽ അതിനെതിരെ നിയമപരമായി തന്നെ പോരാടുമെന്ന് മമത പറഞ്ഞു. പശ്ചിമബംഗാളില്‍ കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ ഡി നോട്ടീസ്.പശ്ചിമ ബംഗാളിലെ കുനുസ്റ്റോറിയ, കജോറ പ്രദേശങ്ങളിലെ ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡ് ഖനികളുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് 2020 നവംബറില്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോൾ കേസിൽ ഇഡി നടപടി.


കൽക്കരി, പശുക്കടത്ത്, അധ്യാപക നിയമന കുംഭകോണം തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങൾ കാളിഘട്ടിലാണ് നടക്കുന്നതെന്ന പ്രതിപക്ഷ നേതാക്കളുടെ വിമർശനങ്ങളിലും മമത പ്രതികരിച്ചു. കാളിഘടിലാണ് മമതയും അനന്തരവൻ കൂടിയായ അഭിഷേക് ബാനർജിയും കഴിയുന്നത്. ‘എപ്പോഴും എന്തിനാണ് ആരോപണങ്ങൾ കാളിഘട്ടിൽ നിർത്തുന്നത്? വിമർശകർക്ക് ധൈര്യമുണ്ടെങ്കിൽ ആ പണം ആത്യന്തികമായി ആരുടെ കൈകളിൽ ആണ് എത്തുന്നതെന്ന് വ്യക്തിയുടെ പേരെടുത്ത് പറയട്ടെ. അതോ കാളിഘട്ടിലെ പ്രസിദ്ധമായ കാളി ക്ഷേത്രത്തിലേക്കാണോ പണം പോകുന്നത് എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?’, മമത ചോദിച്ചു.