കേരളത്തിലും ഭരണം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച്‌ എം എ ബേബി

single-img
3 March 2023

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങലിലെ ഉജ്ജ്വല വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലും ഭരണം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച്‌ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത്.

പകല്‍ സ്വപ്നം കാണാന്‍ പ്രധാനമന്ത്രിക്ക് അവകാശം ഉണ്ടെന്നായിരുന്നു ബേബിയുടെ പരിഹാസം.

നിയമ സഭയില്‍ ഉണ്ടായിരുന്ന ബിജെപിയുടെ അക്കൗണ്ടും സിപിഎം പൂട്ടിച്ചു. കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസുമാണ് സഖ്യം. ക്രിമിനല്‍ കേസ് പ്രതിയുടെ വാക്ക് കേട്ട് ഇരുവരും ഒന്നിച്ചാണ് ഇടതുപക്ഷത്തിനെതിരെ സമരം ചെയ്യുന്നത്. ഒന്നിച്ച്‌ സമരം ചെയ്യാന്‍ സാധിക്കാത്തത് നിയമസഭയില്‍ മാത്രമാണ്. മോദിയുടെ ഗൂഢ പദ്ധതികളെ ചെറുക്കാന്‍ കേരളത്തിലെ മതേതര കക്ഷികള്‍ക്ക് ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കിട്ടിയത്പോലെ ക്രിസ്ത്യന്‍ വോട്ടുകള്‍ കേരളത്തില്‍ കിട്ടുമെന്ന് ബിജെപിക്ക് പ്രതീക്ഷ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. പ്രാദേശിക കൂട്ടുകെട്ടുകള്‍ക്ക് ബിജെപിയെ തകര്‍ക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം 2024 ലെ ലോക് സഭ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടു പലകയാകും പ്രധാനമന്ത്രിയുടെ പ്രസ്താവന. കേരളത്തിലെ ബിജെപിക്ക് അത് കരുത്തുപകരും. ഭാരിച്ച ഉത്തരവാദിത്തമാണ് ഏല്‍പിച്ചത്.കേരളത്തിലും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വരുമെന്നും അദ്ദേഹം പറഞ്ഞു