നമുക്കൊരുമിച്ചു പോകാം; കയ്യേറ്റമുള്ള സ്ഥലങ്ങൾ ഞാൻ കാണിച്ചുതരാമെന്ന് എം എം മണിക്ക് കെ കെ ശിവരാമന്റെ മറുപടി

single-img
4 October 2023

ഇടുക്കിയിലെ ഭൂമി കയ്യേറ്റ വിഷയത്തിൽ സിപിഎം നേതാവ് എംഎം മണിക്ക് മറുപടിയുമായി സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ കെ ശിവരാമൻ. ചിലിയിലെ കയ്യേറ്റമുള്ള സ്ഥലങ്ങൾ താൻ കാണിച്ചു തരാമെന്ന് ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നമുക്ക് ഒരുമിച്ചു പോകാമെന്നും കയ്യേറ്റം താൻ കാണിച്ചു തരാമെന്നും ശിവരാമൻ പറയുന്നു.

എവിടെയെങ്കിലും കയ്യേറ്റം ഉണ്ടെങ്കിൽ ശിവരാമൻ കാണിച്ചു കൊടുക്കട്ടെയെന്ന എംഎം മണിയുടെ പരാമർശത്തിനാണ് ശിവരാമന്റെ മറുപടി വന്നിരിക്കുന്നത്. ഒരു കയ്യേറ്റവും ഒഴിപ്പിക്കാൻ പാടില്ലെന്ന അന്ത്യശാസനം കമ്മ്യൂണിസ്റ്റുകാർക്ക് യോജിച്ചതല്ല. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും കെ കെ ശിവരാമൻ പറയുന്നു.

അതേസമയമ്, ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദൗത്യ സംഘത്തോടുള്ള നിലപാട് ആവർത്തിച്ച് എം എം മണി രം​ഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥർ വഴിവിട്ട കാര്യങ്ങൾ ചെയ്യരുതെന്നും തെറ്റായ നിലയിൽ കാര്യങ്ങൾ വന്നാൽ ജനങ്ങളെ അണിനിരത്തി എതിർക്കുമെന്നും എം.എം മണി പറയുകയുണ്ടായി.

പിന്നാലെ ജില്ലയിലെ കയ്യേറ്റ മാഫിയയെ തളയ്ക്കണമെന്നും കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലർക്ക് സമനില തെറ്റുമെന്നും കെ കെ ശിവരാമൻ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചിരുന്നു.

കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന വിഷയത്തിൽ സിപിഎമ്മും സിപിഐയും രണ്ടുതട്ടിലാണെന്ന വിമർശനങ്ങൾക്കിടെയാണ് ഇക്കാര്യത്തിൽ നിലപാട് ആവർത്തിച്ച് എം.എം മണി രംഗത്തെത്തിയത്. മൂന്നാറിലേത് പുതിയ ദൗത്യമാണെന്നും വിഎസ് ഭരണകാലത്തേതുപോലെ ഇടിച്ചു പൊളിക്കൽ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും എംഎം മണി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശിവരാമനിപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത്.