കെഎസ്ആർടിസി ബസിൽ കണ്ടക്ടറുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചു

single-img
25 September 2024

കെഎസ്ആർടിസി ബസിനുള്ളിൽ നിന്നും കണ്ടക്ടറുടെ പണമടങ്ങിയ ബാഗ് മോഷണ പോയി. കിളിമാനൂർ ഡിപ്പോയിൽ കഴിഞ്ഞ ദിവസം ബ്രേക്ക്ഡൗണായ ബസ് ഡിപ്പോയിലെത്തിച്ചശേഷം, പകരം ഓടാനായി നൽകിയ ബസിലേക്ക് സ്ഥലപേര് അടങ്ങിയ ബോർഡ് എടുത്തുവെക്കുന്നതിനിടെയാണ് മോഷണം നടന്നതെന്ന് കണ്ടക്ടർ പറയുന്നു.

ഡിപ്പോയിൽ നിന്നും രാവിലെ 6.15ന് പാലുവള്ളിയിലേക്ക് പോകാനിരുന്ന ബസിലെ കണ്ടക്ടർ ആർ എസ് രാധാകൃഷ്ണന്‍റെ ബാഗാണ് മോഷണം പോയത്. ബസ് കാരേറ്റ് വെച്ച് ബ്രേക്ക് ഡൌണായി. പിന്നാലെ മെക്കാനിക്ക് എത്തി ശരിയാക്കിയ ബസ് ഡിപ്പോയിലേക്ക് കൊണ്ടുവെന്നു.

ബസ് ഗാരേജിലേക്ക് മാറ്റും മുൻപ് ബോർഡുകൾ പകരം ഓടിക്കാനുള്ള ബസിൽ സ്ഥാപിക്കുകയായിരുന്നു കണ്ടക്ടർ. ഈ സമയം ബാഗും ടിക്കറ്റ് മെഷീനും സീറ്റിൽ വെച്ചിരിക്കുകയായിരുന്നു. അപ്പോൾ ബസിലേക്ക് കയറിയ മോഷ്ടാവ് ബാഗുമായി കടന്നുകളയുകയായിരുന്നു.

അപ്പോൾ ഈ കാര്യം കണ്ടക്ടർ അറിഞ്ഞില്ല. രാവിലെ മുതലുള്ള കളക്ഷൻ തുകയായി മൂവായിരത്തിലേറെ രൂപ ബാഗിലുണ്ടായിരുന്നതായി കണ്ടക്ടർ രാധാകൃഷ്ണൻ പറഞ്ഞു. മോഷണവുമായി ബന്ധപ്പെട്ട് ഡിപ്പോ അധികൃതർ കിളിമാനൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.