ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നസീര്‍ നന്ദി അറിയിച്ച്‌ കോട്ടയം നസീര്‍

single-img
5 March 2023

ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വലിയ വാര്‍ത്ത ആയിരുന്നു.

ആന്‍ജിയോഗ്രാം പരിശോധനയ്‍ക്ക് വിധേയനാക്കിയ നസീറിന് ആന്‍ജിയോപ്ലാസ്റ്റിയും ചെയ്‍തു. നിലവില്‍ ആരോഗ്യനിലയില്‍ പുരോഗതി നേടി സിനിമാ തിരക്കുകളിലേക്ക് വീണ്ടും മടങ്ങുകയാണ് നടന്‍. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നസീര്‍ നന്ദി പറയുകയും ചെയ്‌തു.

ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു…എന്നെ ചികില്‍സിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും… പരിചരിച്ച നഴ്‌സുമാര്‍ക്കും എന്റെ അസുഖ വിവരം ഫോണില്‍ വിളിച്ചു അന്ന്വേഷിക്കുകയും….. വന്നു കാണുകയും….. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി’, എന്നാണ് കോട്ടയം നസീര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

ഫെബ്രുവരി 27ന് ആയിരുന്നു നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ നസീര്‍ കേരളത്തിലെ പ്രമുഖ വ്യക്തികളെ രൂപഭാവങ്ങളിലൂടെ അനുകരിച്ചാണ് ശ്രദ്ധേയനായത്. മിമിക്സ് പരേഡില്‍ മോര്‍ഫിംഗ് എന്ന ഒരു ഇനം ആദ്യം അവതരിപ്പിക്കുന്നതും കോട്ടയം നസീറാണ്. ചിത്രകാരനായും കോട്ടയം നസീര്‍ ശ്രദ്ധേ നേടിയിട്ടുണ്ട്.

അടുത്തകാലത്തിറങ്ങിയ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ‘റോഷാ’ക്കില്‍ ഗൗരവ സ്വഭാവമുള്ള മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച്‌ കോട്ടയം നസീര്‍ കയ്യടി നേടിയിരുന്നു. നിരവധി ഹിറ്റ് സിനിമകളില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റായും കോട്ടയം നസീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് മിമിക്രി വിഭാഗത്തില്‍ ലഭിച്ചത് കോട്ടയം നസീറിന് മാത്രമാണെന്ന പ്രത്യേകതയുമുണ്ട്.