പദയാത്ര പകരക്കാരെ ഏല്‍പ്പിച്ച് കെ സുരേന്ദ്രൻ ദില്ലിക്ക് പോയി

single-img
23 February 2024

കേരള പദയാത്രയുടെ ചുമതല താത്ക്കാലികമായി പകരക്കാരെ ഏല്‍പ്പിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ദില്ലിക്ക് പോയി. സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായാണ് യാത്രയെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.

അതേസമയം ഐ.ടി സെല്ലിനെതിരായ പരാതി ദേശീയ നേതൃത്വത്തെ നേരിട്ട് അറിയിക്കാൻ കൂടി ലക്ഷ്യമിട്ടാണ് സംസ്ഥാന അധ്യക്ഷന്റെ ദില്ലി യാത്ര. സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവ്ദേക്കറും ഐ.ടി സെല്ലിനെ പിന്തുണച്ചതോടെ കടുത്ത അതൃപ്തിയിലാണ് സംസ്ഥാന നേതൃത്വം.

നാളെ വൈകീട്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ബിജെപിയിലെ ഉന്നത നേതൃത്വം ചര്‍ച്ച നടത്തുന്നത്. എന്നാൽ ഇതിന് ഏറെ മുന്നേയാണ് അദ്ദേഹം ദില്ലിക്ക് പോയത്. ഇതോടെ താൻ നയിക്കുന്ന പദയാത്രയിൽ എറണാകുളത്തും മലപ്പുറത്തും കെ.സുരേന്ദ്രൻ പങ്കെടുക്കില്ലെന്ന് ഉറപ്പായി. പകരക്കാരായി എറണാകുളത്ത് എം.ടി രമേശും മലപ്പുറത്ത് എ.പി അബ്ദുള്ളക്കുട്ടിയും പദയാത്രയിൽ നായകരാകും.

സംസ്ഥാനത്ത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ പ്രചരണഗാന വിവാദത്തില്‍ ഐടി സെല്ലിനെതിരെ നടപടി വേണമെന്ന് കെ.സുരേന്ദ്രൻ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടും. പ്രചാരണ ഗാനത്തിലെ പിശക് ഗുരുതരമാണെന്നും എന്നാൽ സംസ്ഥാന ഐ.ടി സെൽ പുറത്തിറക്കിയ പാട്ടെല്ലെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. പൊന്നാനിയിലെ പ്രാദേശിക ഘടകത്തിന്‍റെ ഭാഗത്തുണ്ടായ വീഴ്ചയെന്നാണ് പരസ്യ പ്രതികരണം.