മനസില്‍ ഉദ്ദേശിക്കാത്തതും പറയാത്തതുമായ കാര്യങ്ങൾ വളച്ചൊടിച്ച് വാര്‍ത്തയായി നല്‍കി; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ സുധാകരന്‍

single-img
9 September 2022

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെഹ്‌റു കുടുംബത്തെ താന്‍ തള്ളിപ്പറഞ്ഞെന്ന ഭാഷയില്‍ ദുര്‍വ്യാഖ്യാനം നടത്തി റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

ഏഷ്യാനെറ്റ് ന്യൂസിന്റെ കണ്ണൂരിലെ ലേഖകന് നല്‍കിയ അഭിമുഖത്തില്‍ താൻ മനസില്‍ ഉദ്ദേശിക്കാത്തതും പറയാത്തതുമായ കാര്യങ്ങളാണ് വളച്ചൊടിച്ച് വാര്‍ത്തയായി നല്‍കിയതെന്നും അഭിമുഖ സംഭാഷണത്തിനിടെ തെറ്റായ വാര്‍ത്ത അതേ ചാനലില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ അതിനോടുള്ള ശക്തമായ പ്രതിഷേധം ചാനല്‍ അധികൃതരെ അറിയിച്ചിട്ടുള്ളതാണ് എന്നും സുധാകരൻ പറഞ്ഞു..

ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് മാനിച്ച ചാനല്‍ അധികൃതര്‍ വാര്‍ത്ത പിന്‍വലിക്കാന്‍ അപ്പോള്‍ തയ്യാറായി. പക്ഷെ നെഹ്‌റു കുടുംബത്തെ താന്‍ തള്ളിപ്പറഞ്ഞെന്ന ഭാഷയില്‍ ദുര്‍വ്യാഖ്യാനം നടത്തി ആ വാര്‍ത്ത വീണ്ടും പ്രക്ഷേപണം ചെയ്യുകയുമായിരുന്നുവെന്ന് കെ സുധാകരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ശശി തരൂരിന്റെ മത്സര സന്നദ്ധതയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് ജനാധിപത്യ സംവിധാനത്തില്‍ ആര്‍ക്കും മത്സരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് പറഞ്ഞതിനെ വളച്ചൊടിച്ച് നെഹ്‌റു കുടുംബത്തെ തള്ളിപ്പറഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തയാണ് നല്‍കിയത്.

അപകീര്‍ത്തിപ്പെടുത്തും വിധം വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നതായും സുതാര്യവും സത്യസന്ധവുമായ മാധ്യമപ്രവര്‍ത്തനത്തിന് തന്നെ അപമാനമാണ് ഇത്തരം നടപടിയെന്നും ചാനലിന്റെയും വാര്‍ത്ത തയ്യാറാക്കിയ ലേഖകന്റെയും മാധ്യമധര്‍മ്മത്തിന് വിരുദ്ധമായ നടപടിക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.