‘ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, കഴിഞ്ഞില്ല’; പിഎസ്സി നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളെ നേരിട്ട് വിളിച്ച് കെ.സി വേണുഗോപാല്‍

single-img
11 February 2026

പിഎസ്സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളെ വീഡിയോ കോളില്‍ വിളിച്ച് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചിട്ടും നിയമനം ലഭിക്കത്ത റഷീദ, മമത, സരസ്വതി എന്നിവരെയാണ് വീഡിയോ കോളില്‍ വിളിച്ചത്.

‘ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവരുടെ വീടുകളില്‍ നേരിട്ട് പോയി കണ്ടു എന്നും ഉദ്യോഗാര്‍ഥികള്‍ കെ.സി വേണുഗോപാലിനോട് പറഞ്ഞു. കെ.സി വേണുഗോപാല്‍ തന്നെയാണ് വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരുടെ വീടുകളില്‍ നേരിട്ടുപോയി, തിരുവനന്തപുരത്തേക്ക് വണ്ടികയറിയതിന് കണക്കില്ല, പിഎസ്സി ഓഫീസിലും കയറിയിറങ്ങി. ഞങ്ങളുടെ മുഖം തന്നെ അവര്‍ക്ക് സുപരിചിതമായിട്ടുണ്ടാകും. എന്നിട്ടും ഞങ്ങള്‍ക്ക് നീതി കിട്ടിയില്ല…’

പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാതെ പോയ റഷീദയുടെയും സരസ്വതിയുടെയും മമതയുടെയും ഈ വാക്കുകള്‍ കേരളത്തിലെ ഓരോ ഉദ്യോഗാര്‍ത്ഥിയുടെയും ഉള്ളുനീറ്റുന്നതാണ്. ഇവരെ നേരിട്ട് വിളിച്ചപ്പോള്‍ കേട്ടത് മെറിറ്റിനെ അപ്പാടെ തഴയുന്ന സര്‍ക്കാരിന്റെ ജനവിരുദ്ധതയുടെ, തൊഴില്‍വിരുദ്ധതയുടെ നേര്‍ച്ചിത്രമായിരുന്നു.

റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് പോലും തെരുവിലിറങ്ങേണ്ടി വരുന്ന ഈ കുട്ടികളുടെ അവസ്ഥ കേരളത്തിന് അപമാനമാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ക്കും ധൂര്‍ത്തിനും പിആര്‍ വര്‍ക്കുകള്‍ക്കും കോടികള്‍ ഒഴുക്കുന്ന സര്‍ക്കാര്‍, അര്‍ഹരായ ഇവര്‍ക്ക് നിയമനം നല്‍കാന്‍ മാത്രം സാമ്പത്തിക പ്രതിസന്ധി പറയുന്നത് യുവതലമുറയോടുള്ള കൊടും വഞ്ചനയാണ്. അര്‍ഹരായവര്‍ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും ഇവര്‍ക്കൊപ്പമുണ്ടാകും എന്ന് കെ.സി വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.