ജഡ്ജി ഹണി എം. വർഗീസിനെതിരെ അതിജീവിത; സ്ഥാനക്കയറ്റം നൽകരുതെന്ന് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി

single-img
23 April 2026

നടി ആക്രമിക്കപ്പെട്ട കേസിൽ ജഡ്ജി ഹണി എം. വർഗീസിനെതിരെ അതിജീവിത. ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി. മെമ്മറി കാർഡിലെ നിയമ വിരുദ്ധ പരിശോധനയിൽ ജഡ്ജി ഭാഗമാണെന്നും അതിജീവിതയുടെ പരാതി. ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകാൻ ഹൈക്കോടതി ശുപാർശ ചെയ്ത സാഹചര്യത്തിലാണ് നിവേദനം.

കേസിൽ തനിക്ക് നീതി ലഭിച്ചില്ല എന്നാണ് പ്രധാനമായും അതിജീവിത ഉന്നയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധന നടത്തി. അതിൻ്റെ ഭാഗമാണ് ജഡ്ജിയായ ഹണി എം. വർഗീസ്. പീഡന ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടെന്ന ആശങ്ക തനിക്ക് ഇപ്പോഴുമുണ്ട്.

ദിലീപടക്കമുള്ളവരെ വെറുതെ വിട്ടുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. തനിക്ക് കേസിൽ നീതി ലഭിച്ചില്ല എന്ന് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി സമർപ്പിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നിയമമന്ത്രിക്കും അതിജീവിത പരാതി നൽകിയിട്ടുണ്ട്.

ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജി ആക്കാൻ ഹൈക്കോടതി കൊളീജിയം കഴിഞ്ഞ ദിവസം ശുപാർശ നൽകിയിരുന്നു. ജില്ലാ ജഡ്ജിമാരുടെ സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് ശുപാർശ. അഞ്ച് ജഡ്ജിമാരെയാണ് ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തത്. പി.എസ്.ശശികുമാർ (തൃശൂർ), കെ.കെ. ബാലകൃഷ്ണൻ (എറണാകുളം), എൻ.ഹരികുമാർ (പത്തനംതിട്ട), എസ്. നസീറ (തിരുവനന്തപുരം) എന്നിവരാണ് ശുപാർശ ചെയ്തിട്ടുള്ള മറ്റുള്ളവർ.