എട്ട് വയസുകാരിയുടെ ജീവനെടുത്തത് റെഡ്മി 5 പ്രോ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തല്‍

single-img
25 April 2023

തിരുവില്വാമലയില്‍ എട്ട് വയസുകാരിയുടെ ജീവനെടുത്തത് റെഡ്മി 5 പ്രോ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തല്‍.

അപകടം നടക്കുമ്ബോള്‍ ഫോണ്‍ ചാര്‍ജിനിട്ടിരുന്നില്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഫോണ്‍ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാല്‍ അപകടത്തിന്റെ ആഘാതം വര്‍ധിച്ചു. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറന്‍സിക് സംഘം പ്രാഥമിക നിഗമനം പോലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണില്‍ നിന്ന് തെറിച്ചുവീണ അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചു.

അപകടസമയത്ത് മകളും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് തിരുവില്വാമലയില്‍ മരിച്ച എട്ട് വയസുകാരിയുടെ അച്ഛന്‍ അശോക് കുമാര്‍ വ്യക്തമാക്കി. സംഭവം തന്നെ വിളിച്ചറിയിക്കുന്നത് സഹോദരനാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അപകട സമയത്ത് പുതപ്പിനടിയില്‍ കിടന്ന് ഗെയിം കളിക്കുകയായിരുന്നു കുട്ടിയെന്നാണ് മുത്തശി പോലീസിനോട് പറഞ്ഞത്. ഗുളികയെടുക്കാന്‍ താന്‍ പുറത്തുപോയി. വലിയ പൊട്ടിത്തെറി കേട്ടാണ് തിരിച്ചെത്തിയതെന്നും ഈ സമയത്ത് മകള്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും അവര്‍ പറഞ്ഞു.