പാർപ്പിട സൗകര്യം ഉറപ്പുവരുത്താൻ ഉത്തരവാദിത്തപ്പെട്ട ഭരണകൂടം തന്നെ അവ ഇടിച്ചുനിരത്തുന്നത് നീതീകരിക്കാനാവാത്തതാണ്: കാന്തപുരം

ബംഗളൂരു യെലഹങ്കയിലെ ബന്ദേ റോഡിൽ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത നടപടിയിൽ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കൊടുംതണുപ്പിൽ ദളിതരും മുസ്‌ലിംകളും ഉൾപ്പെടുന്ന നിർധനരായ മനുഷ്യരെ തെരുവിലേക്ക് ഇറക്കിവിടുന്നത് മനുഷ്യത്വത്തിന് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
കിടപ്പാടവും സമ്പാദ്യവും രേഖകളും നഷ്ടപെട്ട പാവങ്ങളെ അതിവേഗം പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിയോടും മറ്റു സർക്കാർ വൃത്തങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ സ്ഥലം കണ്ടെത്തി എല്ലാവർക്കും പര്യാപ്തമായ പാർപ്പിട സൗകര്യം അതിവേഗം നൽകാനും അതുവരെ അടിയന്തിരമായി താത്കാലിക സംവിധാനങ്ങൾ ഒരുക്കാനും സർക്കാർ തന്നെ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
കൊടും തണുപ്പിൽ കൂരയില്ലാതെ അലയുന്ന മനുഷ്യർക്കായി സാധ്യമായ എല്ലാ താത്കാലിക സൗകര്യങ്ങളും ഒരുക്കി നൽകണമെന്ന് സംഭവമറിഞ്ഞ ഉടനെ ബംഗളൂരുവിലെസുന്നി നേതാക്കളോട് അദ്ദേഹം നിർദേശിച്ചിരുന്നു. ഇതടിസ്ഥാനത്തിൽ എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ പ്രദേശത്തെത്തി സമാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിട്ടുണ്ട്.
മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ പാർപ്പിട സൗകര്യം ഉറപ്പുവരുത്താൻ ഉത്തരവാദിത്തപ്പെട്ട ഭരണകൂടം തന്നെ അവ ഇടിച്ചുനിരത്തുന്നത് നീതീകരിക്കാനാവാത്തതാണ്. മാനുഷിക പരിഗണനയും വേണ്ട സമയം നൽകിയും പരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തിയും മാത്രമേ സർക്കാർ പോലുള്ള ഔദ്യോഗിക കേന്ദ്രങ്ങൾ ഭൂമി പിടിച്ചടക്കൽ പോലുള്ള നടപടികളിലേക്ക് പ്രവേശിക്കാൻ പാടുള്ളൂവെന്നും കുടിയൊഴിപ്പിക്കപ്പെട്ട പാവപ്പെട്ട മനുഷ്യരുടെ കാര്യത്തിൽ കർണാടക സർക്കാർ ഉചിതമായ പരിഹാരം കാണുമെന്നാണ് പ്രത്യാശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു .


