സ്ഥിരം ലഹരിക്കടത്തുകാര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്താൻ നിർദ്ദേശം

single-img
30 October 2022

തിരുവനന്തപുരം: സ്ഥിരം ലഹരിക്കടത്തുകാര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കും.

ഇത് സംബന്ധിച്ച്‌ എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. വധശിക്ഷ വരെ കിട്ടുന്ന വിധത്തില്‍ വകുപ്പുകള്‍ ചുമത്താനാണ് നിര്‍ദേശം. ലഹരിക്കടുത്തുമായി ബന്ധപ്പെട്ട് ഓരോ കേസിലും അറസ്റ്റിലാകുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കും.

നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമത്തിലെ കടുത്ത വകുപ്പുകളാകും ഉപയോഗിക്കുക. 31, 31 എ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചേര്‍ക്കാനാണ് നിര്‍ദേശം. ഇതുവരെ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത വകുപ്പുകളാണ് ഇത്. സമാനമായ കുറ്റം ചെയ്ത് വീണ്ടും പിടിക്കപ്പെട്ടാല്‍ ആദ്യ കേസ് കൂടി പരിഗണിച്ച്‌ ഇരട്ടി ശിക്ഷ നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. തുടര്‍ച്ചയായി കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാം.

ലഹരിവസ്തുക്കളുടെ തീവ്രതയും അളവും കണക്കാക്കി നിശ്ചയിച്ച പട്ടിക നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനമാക്കിയായിരിക്കും ശിക്ഷ.