ജീവിക്കാനുള്ള ഒരു ജനതയുടെ അവകാശത്തിന് മേലാണ് ഇസ്രായേല്‍ ആക്രമണം നടന്നുന്നത്: രമേശ് ചെന്നിത്തല

single-img
9 November 2023

പലസ്തീന്‍ ജനതയുടേത് സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള പോരാട്ടമാണെന്ന് രമേശ് ചെന്നിത്തല. എസ്‌കെഎസ്എസ്എഫ് സംഘടിപ്പിച്ച പലസ്തീന്‍ പോരാട്ടവും മാധ്യമ വേട്ടയുമെന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്റിയിൽ മഹാത്മാ ഗാന്ധി മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള നേതാക്കള്‍ പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരാണെന്ന് പറഞ്ഞ അദ്ദേഹം ഇസ്രായേല്‍ യുദ്ധത്തിന് ന്യായീകരണമില്ലെന്ന് പറഞ്ഞ് ശശി തരൂരിന്റെ നിലപാടിനെ തിരുത്തി. ഇസ്രായേല്‍ പലസ്തീനെതിരെ നിരന്തരം ആക്രമണം നടത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബില്‍ ക്ലിന്റണ്‍ യു എസ് പ്രസിഡണ്ടായപ്പോഴാണ് താത്കാലിക വെടിനിര്‍ത്തല്‍ ഉണ്ടായത്. അത് കേവലം 4 വര്‍ഷം മാത്രമേ നീണ്ടുള്ളൂ. യുദ്ധം തുടരാന്‍ ഒരിക്കലും ഇന്ത്യക്ക് പറയാനാവില്ല. സഹന സമരത്തിലൂടെ സ്വാതന്ത്ര്യം നേടിയ രാജ്യമാണ് ഇന്ത്യ. എന്നിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നത് ശരിയല്ലെന്ന് അദ്ദേഹം പരാമര്‍ശിച്ചു.

ഗാസയില്‍ ആശുപത്രികള്‍ക്ക് നേരെ വരെ ഇസ്രായേല്‍ ആക്രമണം നടത്തുകയാണ്. ഇസ്രായേല്‍ ജയിലുകളില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. ജീവിക്കാനുള്ള ഒരു ജനതയുടെ അവകാശത്തിന് മേലാണ് ഇസ്രായേല്‍ ആക്രമണം നടന്നുന്നത്. സ്വന്തം നാട്ടിലെ ജനതക്കായി പോരാടിയ വ്യക്തിയായിരുന്നു യാസര്‍ അരാഫാത്ത്. രാജ്യമില്ലാത്ത രാജ്യത്തിനായി പോരാടിയ മനുഷ്യന്‍ കൂടിയായിരുന്നു. ഭിത്തിയിലേക്ക് തള്ളി നീക്കിയാല്‍ ആരും പ്രതികരിക്കും. അത് മാത്രമാണ് പലസ്തീന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പറഞ്ഞ് ഹമാസ് ആക്രമണത്തെ ചെന്നിത്തല ന്യായീകരിച്ചു.

ഇസ്രയേലില്‍ നടന്നത് പലസ്തീന്റെ സ്വയം പ്രതിരോധമാണ്. ഇന്ത്യ സയണിസ്റ്റുകള്‍ക്കായി നിലപാട് സ്വീകരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് എന്നും പലസ്തീനൊപ്പമാണ് നിന്നിട്ടുള്ളത്. കോണ്‍ഗ്രസിന്റെ ചരിത്രം മുതല്‍ അതാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.