നാവിക പോരാട്ടത്തിന് ഇറാൻ; ശത്രുക്കൾക്ക് കയ്‌പേറിയ പരാജയം നൽകുമെന്ന് മുജ്തബ ഖമേനി

ഇറാൻ-അമേരിക്ക തർക്കം കടലിലെ സൈനിക നീക്കങ്ങളിലേക്ക് വഴിമാറുന്നതിനിടെ, ശത്രുക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി രംഗത്തെത്തി. ഇറാന്റെ നാവികസേന ശത്രുക്കൾക്ക് പുതിയതും കയ്‌പേറിയതുമായ പരാജയങ്ങൾ സമ്മാനിക്കാൻ സർവ്വസജ്ജമാണെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. സൈനിക വാർഷികത്തോടനുബന്ധിച്ചും തന്റെ പിതാവായ ആയത്തുള്ള അലി ഖമേനിയുടെ ജന്മദിനത്തോടനുബന്ധിച്ചുമാണ് അദ്ദേഹം ഈ സന്ദേശം കൈമാറിയത്.
അധികാരമേറ്റെടുത്ത ശേഷം മുജ്തബ ഖമേനി ഇതുവരെയും പൊതുവേദികളിലോ വീഡിയോ ദൃശ്യങ്ങളിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഇത്തവണയും രേഖാമൂലമുള്ള പ്രസ്താവന പുറത്തുവന്നത്. ഇറാന്റെ പരമാധികാരവും പതാകയും സംരക്ഷിക്കുന്നതിൽ സൈന്യം കാട്ടുന്ന ധീരതയെ അദ്ദേഹം പ്രശംസിച്ചു. ലോകശക്തികളെന്ന് അവകാശപ്പെടുന്ന സൈന്യങ്ങളുടെ ബലഹീനത ഇറാന്റെ പോരാട്ടവീര്യത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടുവെന്നും ഡ്രോൺ ആക്രമണങ്ങൾ പോലെ തന്നെ നാവിക കരുത്തും ശത്രുക്കൾക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധം നീക്കാത്ത സാഹചര്യത്തിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ലെബനനിലെ വെടിനിർത്തലിനെത്തുടർന്ന് കടലിടുക്ക് തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈ തീരുമാനം പിൻവലിക്കുകയായിരുന്നു.
ഇതോടെ ഹോർമുസിലേക്ക് പ്രവേശിക്കാനിരുന്ന കപ്പലുകൾ തിരിച്ചുപോകുന്നതായാണ് വിവരം. ഇതിനിടെ ഹോർമുസ് മേഖലയിൽ ഒരു കപ്പലിന് നേരെ ഇറാന്റെ ഗൺബോട്ടുകൾ വെടിയുതിർത്തതായി ബ്രിട്ടൻ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് റിപ്പോർട്ട് ചെയ്തത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.


