മലയാളികള്‍ നടത്തിപ്പുകാരായ കേരള ഗോള്‍ഡ് പാലസ് ജൂവലറിയുടെ പേരില്‍ കോടികളുടെ നിക്ഷേപതട്ടിപ്പ്

single-img
15 January 2023

ദില്ലി: ദില്ലിയില്‍ കോടികളുടെ നിക്ഷേപതട്ടിപ്പ്. മലയാളികള്‍ നടത്തിപ്പുകാരായ കേരള ഗോള്‍ഡ് പാലസ് ജൂവലറിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

മലയാളികളും ഉത്തരേന്ത്യക്കാരും അടക്കമുള്ളവര്‍ക്കാണ് സ്വര്‍ണ്ണ നിക്ഷേപത്തില്‍ അടക്കം പണം നഷ്ടമായത്. പരാതികള്‍ അന്വേഷണത്തിനായി സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയിരിക്കുകയാണ് ദില്ലി പൊലീസ്.

കഴിഞ്ഞ പത്തുവര്‍ഷമായി ദില്ലി മയൂര്‍വിഹാറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കേരള ഗോള്‍ഡ് പാലസ്. കോട്ടയം സ്വദേശി നടേശന്‍, തൃശ്യൂര്‍ സ്വദേശി ജോമോന്‍ എന്നിവര്‍ നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ ഇപ്പോള്‍ ഉയരുന്നത് ഗുരുതരപരാതികളാണ്. നിക്ഷേപം, ചിട്ടി, പഴയ സ്വര്‍ണ്ണത്തിന് പുതിയ സ്വര്‍ണ്ണം അടക്കം വിവിധ പദ്ധതികളില്‍ പണം നല്‍കി നഷ്ടമായെന്ന് പരാതിക്കാര്‍ ആരോപിക്കുന്നത്.

കഴിഞ്ഞ മൂപ്പത്തിരണ്ട് വര്‍ഷമായി ദില്ലിയില്‍ താമസിക്കുന്ന വത്സമ്മ ജോസ് കൊച്ചുമകന് വേണ്ടിയാണ് പുതിയ സ്വര്‍ണ്ണത്തിനായി പഴയ സ്വര്‍ണ്ണവും പണവും നല്‍കിയത്. ദിനം പ്രതി രണ്ടായിരം രൂപയാണ് പലിശ പറഞ്ഞിരുന്നത്. നേരത്തെ നടത്തിയ ഇടപാടുകള്‍ കൃത്യമായതോടെ നടത്തിപ്പുകാരെ വിശ്വാസമായി. പിന്നീട് പണം വാങ്ങിയതിന് പലിശ കിട്ടാതെയായി ചോദിക്കുമ്ബോള്‍ ഇടപാടുകാര്‍ ഒഴിഞ്ഞുമാറി തുടങ്ങിയെന്ന് പണം നഷ്ടപ്പെട്ടവരില്‍ ഒരാളായ വത്സമ്മ പറയുന്നു. രണ്ടായിരം രൂപ ദിവസ പലിശ നല്‍കാമെന്ന് വാഗ്ദാനത്തില്‍ വീണ ദില്ലി സ്വദേശിയായ യുവതിക്ക് പന്ത്രണ്ട് ലക്ഷം രൂപയാണ് നഷ്ടമായത്.

മയൂര്‍വീഹാര്‍ പൊലീസ് സ്റ്റേഷന്‍, പാണ്ഡവ നഗര്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങി വിവിധയിടങ്ങളിലായി പണം നഷ്ടമായവര്‍ പരാതി നല്‍കിയിട്ടുണ്ട്. മയൂര്‍ വിഹാറിലെ പരാതി നിലവില്‍ ദില്ലി പൊലീസിന്റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി. ആറു കോടി രൂപയുടെ തട്ടിപ്പെന്നാണ് പ്രാഥമിക നിഗമനം. ദിനം പ്രതി കൂടുതല്‍ പരാതികള്‍ ലഭിക്കുന്നതായും പൊലീസ് വ്യക്തമാക്കുന്നു. പ്രതികരണത്തിനായി സ്ഥാപന ഉടമകളെ ബന്ധപ്പെട്ടെങ്കിലും ഫോണുകള്‍ സ്വിച്ച്‌ ഓഫായ നിലയിലാണ്.