ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് വീണ്ടും പാകിസ്താനെ നേരിടും

single-img
4 September 2022

ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് വീണ്ടും പാകിസ്താനെ നേരിടും. വൈകിട്ട്‌ 7.30 മുതല്‍ നടക്കുന്ന രണ്ടാം സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ്‌ ഏറ്റുമുട്ടല്‍.

നേരത്തെ ഗ്രൂപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ അഞ്ച്‌ വിക്കറ്റിന്‌ പാകിസ്‌താനെ തോല്‍പ്പിച്ചിരുന്നു.

ചിരവൈരികള്‍ വീണ്ടും ഏറ്റുമുട്ടുമ്ബോള്‍ ഇന്ത്യന്‍ ക്യാമ്ബില്‍ ആശങ്കയുണ്ട്. സൂപ്പര്‍ താരങ്ങളുടെ മോശം ഫോമാണ് ഇന്ത്യയെ അലട്ടുന്നുത്. പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ ഓപ്പണര്‍ കെ.എല്‍ രാഹുലിന് ഇതുവരെ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പാകിസ്താനെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ പുറത്തായ രാഹുല്‍, ഹോങ്കോംഗിനെതിരെ 39 പന്തില്‍ നിന്ന് നേടിയത് 36 റണ്‍സാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പതിവ് ശൈലിയിലേക്ക് മടങ്ങി വരണമെന്നും ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്.

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരുക്കേറ്റു പുറത്തായതിനാല്‍ നാലാം നമ്ബറില്‍ ആര് എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തണം. പാകിസ്താനെതിരെ ജഡേജയ്ക്ക് നാലാം നമ്ബറിലേക്ക് പ്രമോഷന്‍ നല്‍കിയിരുന്നു. ഈ പരീക്ഷണമാണ് ടീമിന് വിജയം സമ്മാനിച്ചതും. റിഷഭ് പന്തിനെ നിലനിര്‍ത്തുമോ അതോ ദീപക് ഹൂഡയെയോ, അക്സര്‍ പട്ടേലിനെയോ ജഡേജയുടെ പകരക്കാരനായി പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്ന് കണ്ടറിയണം.

ബൗളിംഗ് നിരയില്‍ ആവേശ് ഖാന്റെ മോശം പ്രകടനം ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പാകിസ്താനെതിരെ രണ്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങി വെറും 1 വിക്കറ്റ് നേടാനാണ് താരത്തിനായത്. കൂടാതെ ഹോങ്കോംഗിനെതിരെ നാലോവറില്‍ 53 റണ്‍സ് വഴങ്ങുകയും ചെയ്തു. മറുവശത്ത് പാകിസ്താന്‍ ഹോങ്കോംഗിനെ 155 റണ്‍സിന് തകര്‍ത്താണ് സൂപ്പര്‍ ഫോര്‍ ഘട്ടത്തിലേക്ക് കടന്നത്.

എന്നാല്‍ ടോപ്പ് ഓര്‍ഡറിനെക്കുറിച്ചുള്ള പാക്ക് ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. റിസ്വാന്‍, സമാന്‍, ക്യാപ്റ്റന്‍ ബാബര്‍ അസം എന്നിവര്‍ അടങ്ങുന്ന ടീം ചേസിംഗില്‍ കേമന്മാര്‍ എന്നതില്‍ സംശയമില്ല. എന്നാല്‍ ആദ്യം ബാറ്റ് ചെയ്യേണ്ടി വരുന്നത് ടീമിന് തിരിച്ചടിയാകും. മുന്‍ നിരയുടെ മെല്ലെപ്പോക്കാണ് ഇതിന് കാരണം. ഇത് ഖുശ്ദില്‍, ഇഫ്തിഖര്‍ അഹമ്മദ്, ആസിഫ് അലി എന്നിവരിലെ സമ്മര്‍ദം ഇരട്ടിയാക്കും.