കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയച്ചു

single-img
16 November 2022

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയച്ചു.

20നകം രേഖാമൂലം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. ഡിസംബര്‍ രണ്ടിന് ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മേയര്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീര്‍ ഷാ പാലോടാണ് ഓംബുഡ്‌സ്മാന് പരാതി നല്‍കിയത്. അതേസമയം താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ടുള്ള കത്തു വിവാദത്തില്‍ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന.

പ്രാഥമിക പരിശോധനയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തീരുമാനം. വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കണമെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അവധിയിലുള്ള ക്രൈംബ്രാഞ്ച് മേധാവി വെള്ളിയാഴ്ച തിരികെയെത്തിയ ശേഷമാകും റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറുക.

കേസിന്റെ അന്വേഷണം സംബന്ധിച്ച്‌ ഹൈക്കോടതിയും വിവരം തേടിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണവും നടക്കുകയാണ്. വിജിലന്‍സിന്റെ റിപ്പോര്‍ട്ടും ഏറെ താമസിയാതെ സമര്‍പ്പിക്കും. അഴിമതി നടന്നുവെന്ന് കണ്ടെത്തിയാലെ വിജിലന്‍സിന് കേസ് അന്വേഷിക്കാനാവു. കത്ത് താനോ തന്റെ ഓഫീസിലോ തയാറാക്കിയതല്ലെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ മൊഴി നല്‍കിയിട്ടുള്ളത്. യഥാര്‍ത്ഥ കത്ത് കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.