രാഷ്ട്രീയ നിലപാടു പറയാൻ വേണ്ടി സിനിമ ചെയ്യില്ല. കഥ ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് സിനിമ ചെയ്യുന്നത്: പൃഥ്വിരാജ്

single-img
23 November 2025

പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോഴൊക്കെ കൈയടിക്കൊപ്പം കടുത്ത വിമർശനങ്ങളും നേരിടേണ്ടി വരുന്ന നടൻ പൃഥ്വിരാജ് സുകുമാരൻ, തന്റെ പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ റിലീസിനോടനുബന്ധിച്ച് പ്രതികരണവുമായി മുന്നോട്ടുവന്നു. ‘കുരുതി’ മുതൽ ‘എമ്പുരാൻ’ വരെയുള്ള സിനിമകളുടെ പശ്ചാത്തലത്തിൽ സൈബർ ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് പൃഥ്വിരാജ് തന്റെ നിലപാട് വ്യക്തമാക്കുന്നത്.

“രാഷ്ട്രീയ നിലപാട് പറയാൻ വേണ്ടി ഞാൻ സിനിമ ചെയ്യില്ല,” എന്നാണ് നടൻ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ‘എമ്പുരാൻ’ റിലീസിനെത്തുടർന്ന് ഉയർന്ന വിമർശനങ്ങളെ എങ്ങനെ നേരിട്ടു എന്ന ചോദ്യത്തിന് പൃഥ്വിരാജ് നൽകിയ മറുപടി ശ്രദ്ധേയമാണ്.

“അത് എന്നെ ബാധിക്കണമെങ്കിൽ ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കു ബോധ്യപ്പെടണം. ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയല്ല ഞാൻ ആ സിനിമകൾ ചെയ്തത്. പ്രേക്ഷകരെ രസിപ്പിക്കുകയെന്നതാണ് ഏക ലക്ഷ്യം. അതിൽ ഞാൻ പരാജയപ്പെട്ടാൽ ഞാൻ അത് അംഗീകരിക്കും. അടുത്ത സിനിമയിൽ അത് പരിഹരിക്കും,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കുരുതി’യെക്കുറിച്ച് സംസാരിച്ചപ്പോൾ, അത് ‘എമ്പുരാൻ’ന്റെ വിപരീത ആഖ്യാനമാണെന്നു പൃഥ്വിരാജ് പറഞ്ഞു. കേൾക്കുന്ന കഥയിൽ വിശ്വാസം ഉണ്ടാകുന്നുവോ എന്നതാണ് സിനിമ തിരഞ്ഞെടുക്കുമ്പോൾ താൻ നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ വേണ്ടി കോടികൾ മുടക്കി ഒരു സിനിമ ചെയ്യേണ്ട കാര്യമില്ല. അതിന് ഒരു സോഷ്യൽ മീഡിയ കുറിപ്പ് മതി,” എന്നും പൃഥ്വിരാജ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.