സ്‌കൂള്‍ ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് ഓണത്തിന് മുൻപ് ഓണറേറിയം വിതരണം ചെയ്യും: മന്ത്രി വി ശിവന്‍കുട്ടി

single-img
23 August 2023

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് ഓണത്തിന് മുന്‍പായി ജൂണ്‍, ജൂലൈ മാസങ്ങളിലെ ഓണറേറിയം വിതരണം ചെയ്യുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ 12,040 സ്‌കൂളുകളിലെ 13,611 പാചകത്തൊഴിലാളികള്‍ക്ക് 2023 ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വേതനം നല്‍കുന്നതിനായി പദ്ധതിയ്ക്കുള്ള സംസ്ഥാന അധിക സഹായത്തില്‍ നിന്ന് 50.12 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുകയും തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് ട്രഷറി മുഖാന്തിരം ക്രെഡിറ്റ് ചെയ്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.

ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയങ്ങള്‍ വഴി പാചകത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ക്രെഡിറ്റ് ചെയ്ത് നല്‍കുന്നതിനുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്വീകരിച്ചിട്ടുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളിലെ വേതനമാണ് ഓണത്തിന് മുന്‍പായി വിതരണം ചെയ്യുന്നത്.

തൊഴിലാളികളുടെ ഓഗസ്റ്റ് മാസത്തെ വേതനം സെപ്റ്റംബര്‍ 5 ന് മുന്‍പായി വിതരണം ചെയ്യുന്നതാണെന്നും വി ശിവന്‍കുട്ടി അറിയിച്ചു.