വിവാദ കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

single-img
10 November 2022

കൊച്ചി : തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിവാദ കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സര്‍ക്കാര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്കും നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി തീരുമാനം.

ഹര്‍ജിയിന്മേല്‍ മേയര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എല്‍‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും. കത്ത് വിവാദത്തില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ച ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ 25 ലേക്ക് മാറ്റി.

വിവാദകത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടാണ് കൗണ്‍സിലര്‍ ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തില്‍ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. വിഷയത്തില്‍ നിലവിലുള്ള പരിശോധന നടക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നില്‍ രാഷ്ട്രീയമാണെന്നുമുള്ള വാദമാണ് സര്‍ക്കാര്‍ നിരത്തിയത്. മേയര്‍ക്ക് നോട്ടീസ് നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു.

എന്നാല്‍ ആരോപണം നിലനില്‍ക്കുന്നത് മേയര്‍ക്ക് എതിരെ ആയതിനാല്‍ വിശദീകരണം നല്‍കേണ്ടത് മേയര്‍ ആണെന്ന് കോടതി. അതിനാല്‍ മേയര്‍ക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി ആര്‍ അനിലിനും നോട്ടീസ് നല്‍കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. സിബിഐ അടക്കമുള്ളവര്‍ എതിര്‍ കക്ഷികളാണ്. സിബിഐയ്ക്കും നോട്ടീസ് അയക്കും. തിരുവനന്തപുരം നഗരസഭയില്‍ നടന്നത് സ്വജ്ജനപക്ഷപാതമാണെന്നും ഭരണഘടനാ ലംഘനമാണെന്നും ശ്രീകുമാര്‍ ആരോപിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2000 പേരെ ഇത്തരത്തില്‍ നഗരസഭയില്‍ തിരുകിക്കയറ്റിയിട്ടുണ്ടെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ശ്രീകുമാര്‍ ആരോപിച്ചു.