വിഴിഞ്ഞം തുറമുഖ നിർമ്മാണം; സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് 100 കോടി രൂപ കൈമാറി

single-img
31 March 2023

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി കേരളാ സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് 100 കോടി രൂപ കൈമാറി. തുറമുഖത്തിൽ പുലിമുട്ട് നിര്‍മാണത്തിന് വേണ്ടിയാണ് തുക കൈമാറിയത്. നിര്‍മ്മാണ ചെലവിന്റെ 25 ശതമാനമായ 347 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടത്. അതിലെ ആദ്യ ഗഡുവാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

ഹഡ്‌കോ വായ്പ വൈകുന്നതിനാൽ കെഎഫ്‌സിയില്‍ നിന്ന് വായ്പയെടുത്താണ് 100 കോടി രൂപ നല്‍കിയത്. നേരത്തെ ആകെ 550 കോടി സഹകരണ കണ്‍സോഷ്യത്തില്‍ നിന്ന് വായ്പയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്. റെയില്‍വേ പദ്ധതിക്കായി സംസ്ഥാനം 100 കോടിയും സ്ഥലമേറ്റെടുപ്പിന് 100 കോടിയും നല്‍കാനുണ്ട്.

ആകെ 3400 കോടിയാണ് ഹഡ്‌കോയില്‍ നിന്ന് വിഴിഞ്ഞം തുറമുഖത്തിനായി സര്‍ക്കാര്‍ വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ 1170 കോടി രൂപയും തുറമുഖ നിര്‍മ്മാണത്തോട് അനുബന്ധിച്ച റെയില്‍വേ പദ്ധതിക്കായാണ് ചെലവാക്കേണ്ടത്. 818 കോടിയാണ് വയബിളിറ്റി ഗ്യാപ് ഫണ്ടിനത്തില്‍ കേന്ദ്രം അദാനി ഗ്രൂപ്പിന് നല്‍കേണ്ടത്. ഇതില്‍ കേരളം നല്‍കേണ്ടത് 400 കോടി രൂപയാണ്.