അന്തര്‍സംസ്ഥാന പാതകളിലെ ഗുണ്ടാ ആക്രമണം ; നടപടി ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍

single-img
25 April 2026

കേരളത്തില്‍ നിന്നും മധ്യപ്രദേശിലേക്ക് ചരക്കുമായി പോയ ലോറി മഹാരാഷ്ട്രയിലെ ഉമര്‍ഖേഡ് എന്ന സ്ഥലത്ത് വെച്ച് തടഞ്ഞ് ഡ്രൈവറെ ഗുണ്ടാസംഘം ആക്രമിച്ച സംഭവത്തില്‍ ശക്തമായനടപടി ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും കത്ത് നല്‍കി.

രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഹൈവേകളില്‍ ആയുധധാരികളായ സംഘങ്ങള്‍ നിയമത്തെ വെല്ലുവിളിച്ച് സ്വതന്ത്രമായി വിഹരിക്കുന്നതും പാതയോരങ്ങളില്‍ ഇത്തരം അക്രമം അഴിച്ചുവിടുന്നതും ഏറെ ആശങ്കാജനകമാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാനമായ അന്തര്‍സംസ്ഥാന ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ ഇത്തരം ആസൂത്രിത ആക്രമണങ്ങളുടെ നിരന്തരം ഇരകളാകുന്നത്.

അതിനാല്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരമായി ഇടപെട്ട് മഹാരാഷ്ട്ര പോലീസുമായി ചേര്‍ന്ന് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടി ശക്തമായ നിയമ നടപടി സ്വീകരിക്കണം.അക്രമത്തില്‍ ഗുരുതര പരിക്കേറ്റ ലോറിയിലെ ജീവനക്കാര്‍ക്ക് സമഗ്രവുമായ ചികിത്സ -സാമ്പത്തിക സഹായം നല്‍കണമെന്നും കെസി വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടു.

അക്രമത്തിനിരയായ ലോറി ഡ്രൈവര്‍ മംഗളൂരു സ്വദേശി അല്‍വിന്‍ പയസിനും സഹായി മഹാരാഷ്ട്ര താനെ സ്വദേശി മുഹമ്മദ് നധാഫ് നിസാര്‍ ഖുറൈശിക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. കിലോമീറ്ററുകളോളം വാഹനത്തെ പിന്തുടര്‍ന്ന അക്രമിസംഘം, വിജനമായ സ്ഥലത്തുവെച്ച് വാഹനം തടയുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ മാരകായുധങ്ങളുമായി എത്തിയ സംഘം ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു .

തലക്കും മുഖത്തും ശരിത്തിലും ആഴത്തിലുള്ള വെട്ടുകള്‍ കൊണ്ട് ഇരുവരും റോഡില്‍ ബോധം പോയ അവസ്ഥയിലായിരുന്നു സമീപ വാസികള്‍ യാത്രക്കാരുടെ സഹായത്താല്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി എന്നാണ് ലഭിക്കുന്ന വിവരമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും നല്‍കിയ കത്തില്‍ കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.