ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായേക്കും; കേരളത്തിൽ അഞ്ച് ദിവസം മഴ

single-img
28 November 2023

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു . ഡിസംബര്‍ 2 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. വ്യാഴാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. അതേസമയം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ തെക്കന്‍ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി ഒരു ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കു കിഴക്കന്‍ അറബിക്കടല്‍ മുതല്‍ വടക്കന്‍ മഹാരാഷ്ട്ര വരെ ഒരു ന്യൂനമര്‍ദ്ദ പാത്തി നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ സ്ഥിതി ചെയ്യാനും സാധ്യതയുണ്ട്.

ഇതിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്ക് ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 30 ഓടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറിയേക്കാമെന്നാണ് പ്രവചനം.