ഫിഫ ലോക കപ്പ്; ഇന്ത്യയിലേക്കുള്ള സംപ്രേക്ഷണ അവകാശം സ്വന്തമാക്കി സി എന്റര്‍ടൈന്‍മെന്റ്‌സ്

single-img
24 May 2026

മെക്‌സിക്കോ, യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന 2026-ലെ ഫിഫ ലോക കപ്പ് മത്സരങ്ങളുടെ ഇന്ത്യയിലേക്കുള്ള സംപ്രേക്ഷണ അവകാശം ഒടുവില്‍ സി എന്റര്‍ടൈന്‍മെന്റ്‌സ് സ്വന്തമാക്കിയതായി വിവരം.

ഇതോടെ ആഴ്ചകളോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനും ഉത്കണ്ഠകള്‍ക്കും വിരാമമായിരിക്കുകയാണ്. ജൂണ്‍ 12ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് തങ്ങളുടെ സ്വീകരണ മുറികളിലിരുന്നും ക്ലബുകളിലും വലിയ സ്‌ക്രീനിലുമൊക്കെയായി കാണാനാകുമെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 2026 ലോകകപ്പന്റെ ഇന്ത്യയില്‍ തത്സമയ സംപ്രേക്ഷണം ഇന്ത്യന്‍ മീഡിയ ഭീമന്മാരായ സി എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ഏറ്റെടുക്കുക.

ലോകകപ്പ് ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അടുത്ത ആഴ്ച ആദ്യം തന്നെ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) മുന്‍ ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ മാധ്യമങ്ങളെ അറിയിച്ചു.