മതപഠന ശാലയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ;ആൺ സുഹൃത്ത് അറസ്റ്റിൽ 

single-img
31 May 2023

തിരുവനന്തപുരം : ബാലരാമപുരം മതപഠന ശാലയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടത്തിൽ കണ്ടത്തിയിരുന്നു. ഇതിന് പിന്നാലെ ഹാഷിമിനെതിരെ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

മതപഠനശാലയിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്പോഴാണ് പോസ്റ്റുമോ‍ർട്ടം റിപ്പോർട്ട് പൊലിസിന് ലഭിക്കുന്നത്. ഈ മാസം 13 നാണ് പെണ്‍കുട്ടി മരിക്കുന്നത്. ഇതിന് ആറുമാസം മുമ്പെങ്കിലും പീ‍ഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതേ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തി ചേർന്നത്.

പെണ്‍കുട്ടി മതപഠനശാലയിൽ എത്തുതിന് മുമ്പ് പീഡനത്തിന് ഇരയായി എന്ന നിഗമനത്തിലാണ് പൊലീസ്. ബാലരാമപുരം പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ആൺ സുഹൃത്തിനെതിരെ കേസെടുത്തത്. കേസ് പൂന്തുറ പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തുകയും കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് പൊലിസ് പറയുന്നത്. പെൺകുട്ടി മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പൊലീസ് പറയുന്നുണ്ട്. പോക്സോക്ക് പിന്നാലെ  ആത്മഹത്യപ്രേരണ കുറ്റത്തിനെടുത്ത കേസിലും വൈകാതെ വഴിത്തിരിവുണ്ടാകുമെന്നാണ് പൊലിസ് നൽകുന്ന സൂചന.