പുല്‍പ്പള്ളിയില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

single-img
1 February 2023

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഭൂദാനം നടുക്കിടിയില്‍ കൃഷ്ണന്‍ കുട്ടിയാണ് വിഷം കഴിച്ച്‌ സ്വയം ജീവനൊടുക്കിയത്.

70 വയസായിരുന്നു. ബാങ്കിന്റെ ജപ്തി ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

ബത്തേരി കാര്‍ഷിക വികസന ബാങ്കില്‍ നിന്ന് 2013ല്‍ കൃഷ്ണന്‍കുട്ടി ഒരുലക്ഷം രൂപ വായ്പ എടുത്തിരുന്നു. രണ്ടുതവണ പലിശ അടച്ച്‌ പുതുക്കിയെങ്കിലും കൃഷി നാശത്തെ തുടര്‍ന്ന് വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞയാഴ്ച ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിഷം കഴിച്ച്‌ അവശനിലയിലായ ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.