പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ നാല് ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

single-img
11 April 2023

താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ നാല് ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.

ഇതോടെ ഉന്നത ഉദ്യോഗസ്ഥര്‍ താമരശ്ശേരിയിലേക്ക് പുറപ്പെട്ടു. ഐജി നീരജ് കുമാര്‍ ഗുപ്തയും ഉത്തര മേഖല ഡിഐജി പി വിമലാദിത്യയും അന്വേഷണ ഉദ്യോഗസ്ഥരെ കാണും. പരപ്പന്‍ പൊയിലിലെ വീട്ടില്‍ നിന്ന് മുഹമ്മദ് ഷാഫിയെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കാന്‍ തീരുമാനിച്ചിരുന്നു. സംഭവത്തില്‍ പ്രധാന ദൃക്സാക്ഷിയായ ഷാഫിയുടെ ഭാര്യ സെനിയ നല്‍കുന്ന വിവരം അനുസരിച്ചാണ് രേഖാചിത്രം തയ്യാറാക്കാന്‍ തീരുമാനിച്ചത്. സംഭവത്തിന് രണ്ടു ദിവസം മുമ്ബ് ഷാഫിയെ അന്വേഷിച്ച്‌ വീട്ടില്‍ എത്തിയ ആളും നാലംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന ആളും, ഒന്നു തന്നെയാണെന്നാണ് വിവരം. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ രേഖാചിത്രം വരയ്ക്കാനാണ് ശ്രമം.

ഷാഫിയുടെ മൊബൈല്‍ ഫോണ്‍ കരിപ്പൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഷാഫിയുമായി വയനാട് ഭാഗത്തേക്ക് പോയ കാര്‍ പിന്നീട് കരിപ്പൂരിലേക്ക് പോയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയില്‍ തട്ടിക്കൊണ്ടുപോകാന്‍ അക്രമി സംഘം ഉപയോഗിച്ച കാറിന്റെ നമ്ബര്‍ വ്യാജമാണെന്ന് വ്യക്തമായി.

മാസങ്ങള്‍ക്ക് മുമ്ബ് ഷാഫിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ വയനാട് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടും പൊലീസിന് കേസില്‍ യാതൊരു തുമ്ബും കണ്ടെത്താനായിരുന്നില്ല. പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ഒരു പ്രതി അജ്നാസിന് ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഘത്തെക്കുറിച്ച്‌ കൂടുതല്‍ വിവരമുണ്ടെന്നാണ് സൂചന. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും.