നെപ്പോ കിഡ് എന്ന നിലയിൽ സിനിമയിലേക്ക് എൻട്രി വളരെ എളുപ്പം നടക്കും; നിലനിൽക്കണമെങ്കിൽ കഴിവ് വേണം: കാളിദാസ്

single-img
21 January 2026

നെപോട്ടിസത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ കാളിദാസ് ജയറാം. താൻ ഒരു “നെപ്പോ കിഡ്” ആണെന്ന് സമ്മതിക്കുന്നുവെന്നും, എന്നിരുന്നാലും ഇന്നും താൻ ഒരു സ്ട്രഗ്ലിങ് ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കാളിദാസ് വ്യക്തമാക്കി. സിനിമയിൽ അവസരം ലഭിക്കാൻ നെപോട്ടിസം സഹായിക്കാമെങ്കിലും, നിലനിൽക്കണമെങ്കിൽ സ്വന്തം കഴിവ് തെളിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോപിനാഥിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

“ഞാൻ ഒരു നെപ്പോ കിഡ് ആണ്, അത് ഞാൻ അംഗീകരിക്കുന്നു. എന്റെ അച്ഛൻ ഒരു നടൻ ആയതിനാലാണ് ഞാനും സിനിമയിൽ എത്തിയത്. അച്ഛൻ നടൻ ആയതുകൊണ്ട് തന്നെ വലിയ ഹീറോ ആവാമായിരുന്നുവെങ്കിൽ ഞാൻ അത് നേരത്തേ ആയേനെ. ഇന്നും ഞാൻ ഒരു സ്ട്രഗ്ലിങ് പീരിയഡിലൂടെയാണ് കടന്നുപോകുന്നത്. ഒരു അഭിനേതാവെന്ന നിലയിൽ എന്നെത്തന്നെ കണ്ടെത്താനുള്ള ശ്രമത്തിലാണ്,” കാളിദാസ് പറഞ്ഞു.

ഒരു നെപ്പോ കിഡ് ആയാൽ സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമാകുമെന്നും, ചിലപ്പോൾ ഒരു വലിയ താരത്തിന്റെ മകനായാൽ മൂന്ന് സിനിമകൾ വരെ അവസരമായി ലഭിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിനപ്പുറം സിനിമയിൽ തുടരാൻ കഴിവ് അനിവാര്യമാണെന്നും, കഴിവില്ലാതെ അഞ്ച് വർഷം പോലും സിനിമയിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും കാളിദാസ് ജയറാം കൂട്ടിച്ചേർത്തു.