ഓപ്പണ്‍ എഐയ്ക്ക് എതിരാളിയെ അവതരിപ്പിക്കാനുള്ള ശ്രമത്തിൽ ഇലോണ്‍ മസ്ക്

single-img
15 April 2023

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് ഇന്നത്തെക്കാലത്തെ ചര്‍ച്ചാവിഷയം. ഗുണങ്ങളും ദോഷങ്ങളും ചൂണ്ടിക്കാട്ടി നിരവധി പ്രമുഖര്‍ എത്തുന്നതിനിടെ ഓപ്പണ്‍ എഐയ്ക്ക് എതിരാളിയെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് എലോണ്‍ മസ്ക്.

ഓപ്പണ്‍ എഐയുമായി നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുകയാണ് മസ്കിന്റെ ലക്ഷ്യമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ടെസ്‌ല, സ്‌പേസ് എക്‌സ്, ട്വിറ്റര്‍ എന്നിവയുടെ സിഇഒ ആണ് നിലവില്‍ മസ്‌ക്. അദ്ദേഹം ഗവേഷകരുടെയും എഞ്ചിനീയര്‍മാരുടെയും ഒരു ടീം രൂപികരിക്കുകയും നിരവധി നിക്ഷേപകരുമായി സംരംഭത്തെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്തു. ആല്‍ഫബെറ്റ് ഉള്‍പ്പെടെയുള്ള മറ്റ് മുന്‍നിര എഐ സ്ഥാപനങ്ങളില്‍ നിന്നും അദ്ദേഹം റിക്രൂട്ട്മെന്റ് നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്‌. മാര്‍ച്ചില്‍, ഓപ്പണ്‍എഐയുടെ ജിപിടി-4 നേക്കാള്‍ മികച്ച എഐ മോഡലുകളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ആറുമാസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മസ്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. ഭാവിയിലേ വലിയ അപകടസാധ്യതകളിലൊന്നാണ് എഐ എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ബിബിസിയുമായി നടത്തിയ അഭിമുഖത്തില്‍ ട്വിറ്റര്‍ തനിക്ക് വളരെയധികം വേദനകളാണ് തരുന്നതെന്നും ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയാണ് ഈ യാത്രയെന്നും മസ്ക് പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. ട്വിറ്റര്‍ വാങ്ങിയതില്‍ ഖേദമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ശരിക്കും സമ്മര്‍ദ്ദകരമായ ഒരു സാഹചര്യമാണ് ഉള്ളത്. എന്നാല്‍, ട്വിറ്റര്‍ ഏറ്റെടുത്തത് ശരിയായ തീരുമാനമായിരുന്നു എന്നാണ് തനിക്ക് ഇപ്പോഴും തോന്നുന്നതെന്നും മസ്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് െഐ സംബന്ധിച്ച പുതിയ അപ്ഡേഷന്‍.

ജോലിഭാരം വളരെ കൂടുതലായതിനാല്‍ താന്‍ ചിലപ്പോള്‍ ഓഫീസില്‍ തന്നെയാണ് ഉറങ്ങാറുള്ളതെന്നും ലൈബ്രറിയില്‍ ആരും ഉപയോഗിക്കാത്ത ഒരു സോഫ താന്‍ സ്വന്തമാക്കിയെന്നും മസ്ക് പറയുന്നു.കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രയാസത്തെക്കുറിച്ചും എലോണ്‍ മസ്‌ക് സംസാരിച്ചു. ട്വിറ്ററിലെ 80 ശതമാനം തൊഴിലാളികളെയും പുറത്താക്കുക എളുപ്പമല്ല. കമ്ബനിയിലെ ജീവനക്കാരുടെ എണ്ണം 8,000ല്‍ നിന്ന് 1500 ആയി കുറഞ്ഞിരിക്കുകയാണ്. അനുയോജ്യമായ ഒരാളെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ട്വിറ്റര്‍ വില്ക്കുമെന്നായിരുന്നു മസ്ക് പറഞ്ഞത്.