മെസിയെ ഇഷ്ടമല്ല; ഉത്തരപേപ്പര്‍ പുറത്ത് വന്ന സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

single-img
26 March 2023

മലപ്പുറം ജില്ലയിൽ നാലാം ക്ലാസിലെ മലയാളം ഉത്തരപേപ്പര്‍ പുറത്ത് വന്ന സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. ഉത്തരക്കടലാസ് മൂല്യനിർണ്ണയം നടത്തുന്നതിന് മുൻപ് എങ്ങനെ സമൂഹമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് അന്വേഷിക്കുന്നത്.

വിഷയത്തിൽ ഡിഡിഇ രണ്ട് സ്‌കൂളുകളോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിൽ ലഭിക്കുന്ന മറുപടി തൃപ്തികരമല്ല എങ്കിൽ അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിഡിഇ അറിയിച്ചു. സ്ക്കൂൾ വാർഷിക പരീക്ഷയിലെ ഉത്തരപേപ്പർ സോഷ്യൽ മീഡിയയിൽ വൈറലായത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വകുപ്പിന്റെ നടപടി.

വിദ്യാര്‍ത്ഥി എഴുതിയ ഉത്തരം എങ്ങനെ വൈറലായി എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. കൂടാതെ ഉത്തരക്കടലാസ് ആരാണ് ഫോട്ടോ പകര്‍ത്തി പ്രചരിപ്പിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. വിഷയത്തില്‍ രണ്ട് സ്‌കൂളുകളോടും പ്രവൃത്തി ദിവസമായ നാളെ വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ തിരൂര്‍ പുതുപ്പള്ളി ശാസ്താ എഎല്‍പി സ്‌കൂള്‍, നിലമ്പൂര്‍ തണ്ണിക്കടവ് എയുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ നാലാം ക്ലാസ് മലയാളം വാര്‍ഷിക പരീക്ഷയിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസിന്റെ ഉള്ളടക്കമാണ് ചോര്‍ന്നത്.

ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക എന്നതായിരുന്നു മലയാളം ചോദ്യപേപ്പറിലെ നാലാമത്തെ ചോദ്യമായി വിദ്യാർത്ഥികൾക്ക് എഴുതാൻ വന്നിരുന്നത്.എന്നാൽ മെസിയെ ഇഷ്ടമല്ലെന്നും ബ്രസീൽ ഫാനാണ് താൻ എന്നുമായിരുന്നു കുട്ടി എഴുതിയിരുന്നത്.