സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ ഭിന്നത; സീറ്റ് ലഭിക്കാത്ത നേതാക്കൾ പാർട്ടി വിടുന്നു


ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു . സീറ്റ് ലഭിക്കാതെ വന്നതോടെ മുതിർന്ന നേതാവ് ഹർഷ് വർദ്ധൻ. രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. രൂക്ഷ വിമർശനം ഉയർന്നതിനെ തുടർന്ന് ബംഗാളിലെ ഒരു ബിജെപി സ്ഥാനാർത്ഥി പിൻമാറി.
നേരത്തെ രണ്ട് തവണ കേന്ദ്ര മന്ത്രിയായിരുന്ന ഹർഷ് വർധൻ ദില്ലിയിൽ ഇത്തവണ സീറ്റ് നൽകിയിരുന്നില്ല. സാമൂഹ്യമാധ്യമ പോസ്റ്റിലൂടെയാണ് രാഷ്ട്രീയം വിടുകയാണെന്ന് ഹർഷ് വർധൻ പ്രഖ്യാപിച്ചത്. ഇതുവരെ തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലെന്നും ഏറെ സ്വപ്നങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും ഹർഷ് വർധൻ കുറിച്ചു.
അതേപോലെ തന്നെ ഗുജറാത്തിലെ മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ നിതിൻ പട്ടേലും മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചു. മെഹ്സാനയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മത്സരത്തിനില്ലെന്ന പട്ടേലിന്‍റെ പ്രഖ്യാപനം.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പട്ടികയിൽ പശ്ചിമബംഗാളിലെ അസൻസോളിൽ സ്ഥാനാർത്ഥിയായിരുന്ന പവൻ സിംഗ് കടുത്ത എതിർപ്പ് ഉയർന്നതിന് പിന്നാലെയാണ് പിൻമാറിയത്. ഭോജ്പുരി ഗായകനായ പവൻസിംഗ് നേരത്തെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളും ഗാനങ്ങളും വലിയ ചർച്ചയായതോടെയാണ് പിൻമാറ്റം. നരേന്ദ്രമോദിയടക്കമുള്ള നേതാക്കളുടെ പേരുകളുള്ള പട്ടികയിൽ മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയില്ലെന്ന് ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി.
യുപിയിലെ ഖേരി മണ്ഡലത്തിൽ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയ്ക്ക് വീണ്ടും സീറ്റ് നൽകിയത് സമരം ചെയ്യുന്ന കർഷക സംഘടനകളെ ചൊടിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ കർഷകർ മറുപടി നൽകുമെന്നാണ് മുന്നറിയിപ്പ്. ദില്ലിയിൽ ആംആദ്മിപാർട്ടിയും കോൺഗ്രസും ചേർന്നുള്ള സഖ്യം വെല്ലുവിളി ഉയർത്തുമ്പോഴാണ ഹർഷ് വർധന്‍റെ പിൻമാറ്റം ബിജെപിക്ക് തലവേദനയാകുന്നത്. ഗുജറാത്തിൽ നിതിൻ പട്ടേലിൻറെ പിൻമാറ്റവും പാർട്ടിയിൽ പുകയുന്ന അസംതൃപ്തിയുടെ സൂചനയായി.