ഒട്ടകത്തിന് നേരെ ക്രൂരമർദ്ദനം; പാലക്കാട് ആറുപേർ അറസ്റ്റിൽ

single-img
11 February 2023

പാലക്കാട് ജില്ലയിൽ ഒട്ടകത്തിന് നേരെ ക്രൂരമർദ്ദനം. സംഭവത്തിൽ ഒട്ടകത്തിന്റെ ഉടമയായ കോയമ്പത്തൂർ സ്വദേശി മണികണ്ഠൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിലായി. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ജില്ലയിലെ മാത്തൂരിലാണ് സംഭവം. തെലങ്കാന സ്വദേശിയായ ശ്യാം ഷിൻഡെ, മധ്യപ്രദേശ് സ്വദേശി കിഷോർ ജോഗി, മാത്തൂർ സ്വദേശികളായ അബ്ദുൾ കരീം, ഷമീർ, സെയ്ദ് മുഹമ്മദ് എന്നിവരാണ് മണികണ്ഠനൊപ്പം അറസ്റ്റിലായത്.

ഇവർ ഒട്ടകത്തെ ഇവിടെയുള്ള തെരുവത്ത് പള്ളി നേർച്ചയ്ക്കായി എത്തിച്ചതായിരുന്നു. പല്ലഞ്ചാത്തനൂരിലെ ആഘോഷം കഴിഞ്ഞ് ഒട്ടകത്തെ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് ഒട്ടകത്തെ ക്രൂരമായി മർദിച്ചത്. വടികൊണ്ട് തലയ്ക്കടിച്ചുള്ള മർദ്ദനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി.

സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഒട്ടകത്തിന്റെ ഉടമ അടക്കമുള്ളവരെ കോട്ടായി പൊലീസ് അറസ്റ്റ് ചെയ്തത്.