മഹുവ മൊയ്‌ത്രയ്‌ക്കൊപ്പമുള്ള ചിത്രം ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ ഭാഗം: ശശി തരൂർ

single-img
24 October 2023

മഹുവ മൊയ്‌ത്രയ്‌ക്കൊപ്പമുള്ള തന്റെ ചിത്രം ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. മഹുവയുടെ പിറന്നാൾ ആഘോഷത്തിൽ തന്റെ സഹോദരി ഉൾപ്പെടെ 15 പേർ പങ്കെടുത്തെന്നും അതിന്റെ ചിത്രങ്ങൾ ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും ശശി തരൂർ പറഞ്ഞു.

ഇത് വിലകുറഞ്ഞ രാഷ്ട്രീയം മാത്രമാണെന്നും തരൂർ പറഞ്ഞു. കുട്ടിയുടെ പിറന്നാൾ ആഘോഷമായിരുന്നു അത്. അവർ എനിക്ക് ഒരു കുട്ടിയെപ്പോലെയാണ്. ആ എംപി എന്നെക്കാൾ 20 വയസ്സിന് ഇളയതാണ്. എന്റെ സഹോദരിയടക്കം പതിനഞ്ചോളം പേർ പങ്കെടുത്ത പിറന്നാൾ ആഘോഷമായിരുന്നു അത്. മുഴുവൻ ചിത്രവും കാണിക്കുന്നതിന് പകരം വെട്ടിയ ചിത്രമാണ് പ്രചരിക്കുന്നത്- തരൂർ പറഞ്ഞു.

സ്വകാര്യ ചിത്രങ്ങളാണ് പ്രചരിക്കുന്നതെങ്കിൽ ആരാണ് അത് എടുത്തതെന്നും അദ്ദേഹം ചോദിച്ചു. തന്റെ തിരക്കിനിടയിൽ ഇത്തരം പരിഹാസങ്ങൾ പ്രധാനമല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ട്രോളൻ സൈന്യം തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് രസകരമാണെന്ന് മഹുവ മൊയ്ത്ര നേരത്തെ പറഞ്ഞിരുന്നു. “തനിക്ക് വെള്ള ബ്ലൗസിനേക്കാൾ പച്ചയാണ് ഇഷ്ടമെന്നും ഡിന്നർ പാർട്ടിയുടെ ബാക്കി ഭാഗങ്ങൾ കാണിക്കാൻ എന്തിനാണ് അത് ക്രോപ്പ് ചെയ്യുന്നതെന്നും മഹുവ മൊയ്ത്ര പ്രതികരിച്ചു.