തൃശ്ശൂരില്‍ സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ്

single-img
30 November 2022

തൃശൂര്‍ :കരുവന്നൂരിന് പിന്നാലെ തൃശ്ശൂരില്‍ സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും വായ്പാ തട്ടിപ്പ്.

തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ഒരു കൊല്ലമായി തുടങ്ങിയ
തട്ടിപ്പ് വേഗത്തില്‍ കണ്ടെത്തിയെന്നും പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ പി.ബി. പവിത്രന്‍ പറഞ്ഞു

എഴുപത്തിയഞ്ച് കൊല്ലം പഴക്കമുള്ള ജില്ലയിലെ തന്നെ വലിയ സഹകരണ സംഘങ്ങളിലൊന്നായ കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്. ജീവിച്ചിരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റു ഹാജരാക്കി വായ്പയെടുത്തതുള്‍പ്പടെ നിരവധി പരാതികളാണുയര്‍ന്നത്. ഏറ്റവുമൊടുവില്‍ അരിമ്ബൂര്‍ സ്വദേശിനിയായ യുവതിക്ക് എട്ടു ലക്ഷം രൂപ വായ്പ അനുവദിക്കാന്‍ രണ്ട് ലക്ഷം ഭരണ സമിതി അംഗങ്ങളില്‍ ചിലര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയുമായി ബിജെപി പ്രാദേശിക നേതാവ് പ്രകാശനും രംഗത്തെത്തി.

തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് സിപിഎം ഒല്ലൂര്‍ ഏരിയാ കമ്മിറ്റി അംഗമായ റിക്സന്‍ പ്രിന്‍സ് പ്രസിഡന്‍റായ ഭരണ സമിതി പിരിച്ചുവിട്ടു. സഹകരണ സംഘം സീനിയര്‍ ഇന്‍സ്പക്ടര്‍ പി.ബി. പവിത്രനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തു. തട്ടിപ്പ് തുടക്കത്തിലേ കണ്ടെത്താനായെന്നും കര്‍ശന നടപടിയുമയി മുന്നോട്ട് പോകുമെന്നും അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു.

208 കോടി രൂപയുടെ നിക്ഷേപമുള്ള ബാങ്ക് 154 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. ഭരണ സമിതി പിരിച്ചു വിട്ടത് ഇടപാടുകള്‍ക്ക് പ്രതിസന്ധി ഉണ്ടാവില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ വ്യക്തമാക്കി.