ഭൂപതിവ് നിയമം ലംഘിച്ചാണ് പട്ടയഭൂമിയിൽ എകെജി സെന്ററിന്റെ നിർമ്മാണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ വിമർശനത്തിന് മറുപടി നൽകാതെ സിപിഎം

single-img
6 September 2023

തിരുവനന്തപുരം : ഭൂപതിവ് നിയമം ലംഘിച്ചാണ് പട്ടയഭൂമിയിൽ എകെജി സെന്ററിന്റെ നിർമ്മാണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ വിമർശനത്തിന് മറുപടി നൽകാതെ സിപിഎം. കൃഷിക്കും വീടിനും അല്ലാതെയും പട്ടയഭൂമി പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാറിന് പതിച്ചുനൽകാമെന്ന വ്യവസ്ഥയുണ്ടെന്നാണ് റവന്യുവകുപ്പിന്റെ വിശദീകരണം.

മാത്യു കുഴൽനാടൻറെ ചട്ടലംഘനങ്ങളായി സിപിഎം സംസ്ഥാന സെക്രട്ടറി ഉയർത്തിയ 7 ചോദ്യങ്ങൾക്കുള്ള മറുപടിക്കിടെയാണ് എകെജി സെൻർ ഭൂമി പ്രശ്നം മാത്യു ഉയർത്തുന്നത്. 1977ൽ എ കെ ആൻറണി മുഖ്യമന്ത്രിയായപ്പോൾ സെൻററിന് നൽകിയ ഭൂമിയെ ചൊല്ലി വർഷങ്ങളായി വിവാദമുണ്ട്. റവന്യു വകുപ്പിന്‍റെ 15 സെന്റും കേരള സർവ്വകലാശാലായുടെ 20 സെൻറുമാണ് അന്ന് പഠന ഗവേഷണ കേന്ദ്രത്തിന് നൽകിയത്. ഗവേഷണ കേന്ദ്രം പാർട്ടി ആസ്ഥാനമാക്കിമാറ്റിയതോടെയാണ് വിവാദം തുടങ്ങിയത്. ഭൂമി പതിവ് ചട്ടപ്രകാരം പട്ടയ ഭൂമി കൃഷിക്കും അനുബന്ധ ആവശ്യത്തിനും വീടിനും മാത്രമേ ഉപയോഗിക്കാകൂ എന്നാണ് വ്യവസ്ഥ. 

ഗസ്റ്റ് ഹൗസെന്ന പേരിൽ ചട്ടം മറികടന്ന് വ്യാവസായിക അടിസ്ഥാനത്തിൽ റിസോർട്ട് നടത്തിയെന്ന എംവി ഗോവിന്ദന്റെ ആക്ഷേപത്തിന് ബദലായാണ് മാത്യു പാർട്ടി സെൻററിന്റെ നിർമ്മാണം ഉന്നയിച്ചത്. ഭൂമി പതിവ് ചട്ടം ലംഘിച്ചാണ് എകെജി സെൻറ‌ർ നിർമ്മാണമെന്നാണ് കുഴൽനാടന്റെ വിമർശനം. മറുപടി പറയേണ്ടത് ഭൂമി പതിച്ചുനൽകിയ ആൻറണിയാണെന്ന് സൂചിപ്പിക്കുന്ന സിപിഎം നേതാക്കൾ പക്ഷെ പരസ്യമായ പ്രതികരണത്തിനില്ല.

എന്നാൽ ഭൂപതിവ് ചട്ട വ്യവസ്ഥകളെ മറികടക്കാൻ സർക്കാറിന് പ്രത്യേക അധികാരം നൽകുന്ന സെക്ഷൻ 24 അനുസരിച്ചാണ് സെൻററിനുള്ള ഭൂമിദാനമെന്നാണ് റവന്യുവകുപ്പ് വിശദീകരണം. സംസ്ഥാനത്ത് പലയിടത്തും ഇങ്ങനെ ആരാധനാലയങ്ങൾ അടക്കം സെഷൻ 24 പ്രകാരം പല സർക്കാറുകൾ പലകാലത്ത് പതിച്ചുനൽകിയിട്ടുണ്ട്. ഭൂമി പതിവ് ചട്ടങ്ങളുടെ ദുർവ്വിനിയോഗങ്ങൾക്കെതിരെ ഹൈക്കോടതിയുടെ പല ഉത്തരവുകളുണ്ട്. പക്ഷെ സെക്ഷൻ 24 നിലനിൽക്കെ ഭൂമി പതിവ് ചട്ടങ്ങൾ മറികടക്കാൻ സർക്കാറിന് കൂടുതൽ അധികാരം നൽകു്ന 4–a ചട്ട ഭേദഗതി വരുന്ന നിയമസഭാ സമ്മേളനം പാസാക്കാനിരിക്കുകയാണ്.