കോവിഡ് 19 കേസുകള്‍ വർധിക്കുന്നു ; ഓഫീസിലിരുന്നു ജോലി ചെയ്യാൻ താൽപര്യമില്ലാതെ ഗൂഗിള്‍ ജീവനക്കാര്‍

single-img
30 August 2022

ന്യൂയോര്‍ക്: () വര്‍ധിച്ചുവരുന്ന കോവിഡ് 19 കേസുകള്‍ക്കിടയില്‍ ഓഫീസിലിരുന്ന് ജോലി ചെയ്യാനുള്ള ഉത്തരവില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ ഗൂഗിള്‍ ജീവനക്കാര്‍.

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലേക്ക് മടങ്ങാന്‍ ഗൂഗിള്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. ജോലിസ്ഥലത്ത് കോവിഡ് 19 കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് കണ്ട് ജീവനക്കാര്‍ തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച്‌ ആശങ്കാകുലരാണ്.
ചില ജീവനക്കാര്‍ വീണ്ടും ഓഫീസില്‍ നിന്ന് ജോലി ചെയ്യാന്‍ തുടങ്ങിയത് മുതല്‍, അവരുടെ ഇമെയില്‍ ഇന്‍ബോക്സുകളില്‍ കോവിഡിനെ കുറിച്ചുള്ള അറിയിപ്പുകള്‍ പതിവായി ലഭിക്കുന്നുണ്ടെന്ന് സി‌എന്‍‌ബി‌സി റിപോര്‍ട് ചെയ്തു. നിലവിലുള്ള അവസ്ഥകളില്‍ നിരാശരായ ജീവനക്കാര്‍ അവരുടെ രോഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രകടിപ്പിക്കുകയാണ്.

ഗൂഗിള്‍ ഏപ്രിലില്‍ അതിന്റെ വര്‍ക് ഫ്രം ഹോം നയം അവലോകനം ചെയ്യുകയും ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും തങ്ങളുടെ ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ബന്ധമാക്കുകയും ചെയ്തു. എന്നിരുന്നാലും 15 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വരുമാന വളര്‍ച ഗൂഗിള്‍ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അത് ചൂണ്ടിക്കാട്ടി ജീവനക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളെ അന്ന് പ്രതിരോധിച്ചിരുന്നു.

ലോസ് ഏഞ്ചല്‍സ് നഗരത്തിലെ പബ്ലിക് ഹെല്‍ത് ഡാഷ്‌ബോര്‍ഡ് അനുസരിച്ച്‌, മറ്റേതൊരു കംപനിയെ അപേക്ഷിച്ച്‌ ഗൂഗിളിന്റെ ജോലിസ്ഥലത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. കാലിഫോര്‍ണിയ വെനീസിലെ ഗൂഗിള്‍ ഓഫീസില്‍ 145 കേസുകളും കംപനിയുടെ പ്ലായ വിസ്റ്റ ക്യാംപസില്‍ 135 കേസുകളും റിപോര്‍ട് ചെയ്തിട്ടുണ്ടെന്ന് റിപോര്‍ടുകള്‍ പറയുന്നു.