ബലാത്സംഗ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന: സുജിത് ദാസ്
വീട്ടമ്മ തനിക്കെതിരെ ഉയർത്തിയ ബലാത്സംഗ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉള്ളതായി മലപ്പുറം എസ്‍പിയായിരുന്ന സുജിത് ദാസ് . ആരോപണത്തിനെതിരെ കേസ് കൊടുക്കുമെന്നും 2022ൽ തൻറെ എസ്‍പി ഓഫീസിൽ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയതെന്നും അദ്ദേഹം പറയുന്നു .
റിസപ്ഷൻ രജിസ്റ്ററിൽ ഇതിന്റെ വിശദാംശങ്ങൾ ഉണ്ട്. തുടർച്ചയായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോൾ ഇതുപോലെയുള്ള ആരോപണവുമായി രംഗത്തെത്തിയത്. ഒരു എസ്‍എച്ച് ഒക്കെതിരെ നൽകിയ പരാതി സ്പെഷ്യൽ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണ്.
അതിനുശേഷം ഈ പരാതിക്കാരിയെ കണ്ടിട്ടില്ല. തന്റെ കുടുംബം പോലും തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും സുജിത് ദാസ് പറഞ്ഞു. സ്ത്രീ ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം പരാതി നൽകുന്ന സ്ത്രീയാണ് ഇവരെന്നാണ് മനസിലാക്കുന്നത്. വ്യക്തിപരമായി ലക്ഷ്യമിട്ട് ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തകർക്കാനുള്ള ഗൂഢ നീക്കമാണിത്.
ഒരു വ്യക്തിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിൻറെ ഭാഗമാണിതെന്നും ക്രിമിനൽ, സിവിൽ കേസുകളുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് പറഞ്ഞു.ഇത്തരം ആരോപണങ്ങൾ ഉണ്ടായാൽ ഒരു പരാതിയും ജില്ലാ പൊലീസ് മേധാവിമാർക്ക് സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഒരുതരത്തിലും വസ്തുതയില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും സുജിത് ദാസ് പറഞ്ഞു.