ഭാരത് ജോഡോ യാത്ര; സവർക്കറെ മാത്രം എടുത്ത് കളഞ്ഞതിലൂടെ കോൺ​ഗ്രസ് രാജ്യത്തിനെതിരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു: കെ സുരേന്ദ്രൻ

single-img
21 September 2022

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ നിന്നും വീർ സവർക്കറുടെ പടം എടുത്ത് മാറ്റിയത് ഭീകരവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

രാഹുൽ ​ഗാന്ധിയുടെ അറിവോടെതന്നെയാണ് ഇതെന്ന് വ്യക്തമാണെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ പടങ്ങളിൽ നിന്നും സവർക്കറെ മാത്രം എടുത്ത് കളഞ്ഞതിലൂടെ കോൺ​ഗ്രസ് രാജ്യത്തിനെതിരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പ്രസ്തവനയിൽ അറിയിച്ചു.

ഭീകരവാദികളുടെ കയ്യടി മാത്രം ലക്ഷ്യം വെച്ചാണ് രാഹുൽ ​ഗാന്ധി യാത്ര നടത്തുന്നതെന്നും ദേശവിരുദ്ധ ശക്തികളാണ് കോൺ​ഗ്രസിന്റെ യാത്ര സ്പോൺസർ ചെയ്യുന്നതെന്നും സവർക്കറുടെ പടം വച്ചതിന് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയ നടപടി ആ പാർട്ടിയുടെ ദുരവസ്ഥ തെളിയിക്കുന്നതാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.