പേവിഷ പ്രതിരോധ വാക്സിന്റെ ഗുണനിലവാരത്തില്‍ ആശങ്ക; വാക്സീന്റെ ഒരു ബാച്ച്‌ വിതരണം നിര്‍ത്തി

single-img
9 September 2022

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുകയും പേവിഷ പ്രതിരോധ വാക്സിന്റെ ഗുണനിലവാരത്തില്‍ ആശങ്ക ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാക്സീന്റെ ഒരു ബാച്ച്‌ വിതരണം നിര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍

KB21002 ബാച്ചിലെ വാക്സീനും സിറിഞ്ചുമാണ് നിര്‍ത്തിയത്. ഇവ ഇനി ഉപയോഗിക്കരുതെന്നു ഇന്നലെ രേഖാമൂലം കോര്‍പറേഷന്റെ വെയര്‍ ഹൗസുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് വാക്സിനെടുത്തതിനു ശേഷവും രണ്ടുപേര്‍ പേ വിഷബാധയെ തുടര്‍ന്ന് മരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ നടപടി.

കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി വഴി വിതരണം ചെയ്ത വാക്സിനുകളാണ് ആശുപത്രികളില്‍നിന്ന് തിരിച്ചെടുക്കുന്നത്. തിരിച്ചെടുക്കുന്ന ബാച്ചില്‍ ഉള്‍പ്പെട്ട വാക്സിനുകള്‍ ലേബല്‍ ചെയ്ത് കൃത്യമായ ഊഷ്മാവില്‍ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. വാക്സിന്‍ സൂക്ഷിക്കേണ്ടത് മൂന്നു മുതല്‍ എട്ടു ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് . ഇതിലുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും ഗുണനിലവാരത്തെ ബാധിക്കാനിടയുളളതായും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.

സംസ്‌ഥാനത്തു പേവിഷബാധ മൂലമുള്ള മരണങ്ങള്‍ പഠിക്കാന്‍ ആരോഗ്യവകുപ്പ്‌ വിദഗ്‌ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. പേവിഷത്തിനെതിരേ വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയവും സമിതി പരിശോധിക്കും.