സുഹൃത്തിന്‍റെ മകളെ ഗർഭിണിയാക്കിയെന്ന പരാതി;അറസ്റ്റിലായ ഉദ്യോഗസ്ഥനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കി

single-img
23 August 2023

ദില്ലി: സുഹൃത്തിന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചതിന് പിന്നാലെ അറസ്റ്റിലായ ഉദ്യോഗസ്ഥനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കി. ദില്ലി സര്‍ക്കാരിന്‍റെ വനിതാ ശിശു വികസന വകുപ്പിലെ ഡപ്യൂട്ടി ഡയറക്ടര്‍ പ്രമോദ് ഖാഖയും ഭാര്യ സീമാറാണിയുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. അച്ഛൻ മരിച്ച ശേഷം ഉദ്യോ​ഗസ്ഥൻ്റെ സംരക്ഷണയിലായിരുന്നു പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായെന്നും ഗര്‍ഭിണിയായെന്നുമാണ് പരാതി.

അറസ്റ്റിലായതിന് പിന്നാലെ ദില്ലി സര്‍ക്കാര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് പ്രമോദിനെ പൊട്ടന്‍സി ടെസ്റ്റിന് വിധേയമാക്കിയത്. ദില്ലി കോടതിയില്‍ രണ്ട് പേരെയും ചൊവ്വാഴ്ച ഹാജരാക്കിയിരുന്നു. ഇവരെ ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിരുന്നു. പ്രമോദിനെതിരായ കേസ് അടിസ്ഥാന രഹിതമാണെന്ന് വിശദമാക്കിയ ഇവരുടെ അഭിഭാഷകന്‍ 20 വര്‍ഷം മുന്‍പ് പ്രമോദ് വാസക്ടമി (വന്ധ്യംകരണ ശസ്ത്രക്രിയ)ക്ക് വിധേയനായതായി കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി നിർദേശം നൽകിയത്.

അതേസമയം പ്രമോദ് ദില്ലിയിലെ ഒരു പള്ളിയില്‍ വച്ചും പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് പ്രമോദ് അറസ്റ്റിലായത്. 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന ആരോപണത്തേ തുടര്‍ന്നായിരുന്നു അറസ്റ്റ്. പെണ്‍കുട്ടി പീഡനത്തിനിരയാവുന്നത് തിരിച്ചറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതെ കുട്ടിക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നുകള്‍ നല്‍കിയതിനാണ് ഇയാളുടെ ഭാര്യയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പോക്സോ വകുപ്പ്, അനധികൃതമായി തടഞ്ഞുവക്കുക, മുറിവേല്‍പ്പിക്കുക, ഗൂഡാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

പിതാവിന്റെ മരണത്തിന് പിന്നാലെ രക്ഷകര്‍തൃത്വം ഏറ്റെടുത്ത് പ്രമോദ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. 2020നും 2021നും ഇടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.  പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ സീമ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി പീഡനം മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചതിന് പിന്നാലെ അവശയായ കുട്ടിയെ അമ്മയെ വിളിച്ച് വരുത്തി ഒപ്പം വിടുകയായിരുന്നു ഉദ്യോഗസ്ഥനും കുടുംബവും ചെയ്തത്. പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഏറെക്കാലമായി ക്രൂരപീഡനത്തിന് ഇരയായതായി അറിഞ്ഞത്.